പാക് മുന്‍ പ്രസിഡണ്ട് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു


കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാകിസ്ഥാന്‍ മുസ്ലിം ലീഗ് – എന്‍(പി എം എല്‍ എന്‍) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് മംനൂന്‍ ഹുസൈന്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ 12ാമത്തെ പ്രസിഡണ്ടാണ് മംനൂന്‍ ഹുസൈന്‍. 2013ല്‍ ചുമതലയേറ്റ അദ്ദേഹം 2018 വരെ അധികാരത്തില്‍ തുടര്‍ന്നു. വിഭജന സമയത്ത് ആഗ്രയില്‍നിന്ന് കറാച്ചിയിലേക്ക് കുടിയേറിയവരാണു മംനൂന്‍ ഹുസൈന്റെ മാതാപിതാക്കള്‍. വളരെ ദരിദ്രമായ സാഹചര്യത്തില്‍ നിന്നാണ് അദ്ദേഹം പ്രസിഡണ്ട് പദവി വരെ എത്തിയത്.

തനിക്ക് സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മംനൂന്‍ ഹുസൈന്‍ പ്രസിഡണ്ടായിരിക്കെ 2016ല്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അടുത്ത അനുയായിയായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട് വിദേശത്തേക്ക് കടന്നപ്പോള്‍ ഷരീഫിനോടൊപ്പം ഉറച്ചുനിന്ന നേതാവാണ് മംനൂന്‍.
വിദേശത്തായിരിക്കുമ്പോള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് – എന്‍ മംനൂന്റെ നിയന്ത്രണത്തിലായിരുന്നു. കറാച്ചിയിലെ വ്യവസായിയായിരുന്ന അദ്ദേഹം നവാസ് ശരീഫ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ സിന്ധിലെ ഗവര്‍ണറായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed