അമേരിക്കയുടെ ഉപരോധം വകവെക്കാതെ സൈനിക സഹകരണവുമായി റഷ്യയും തുർക്കിയും
അങ്കാറ: അമേരിക്കയുടെ ഉപരോധം വകവെക്കാതെ സൈനിക സഹകരണവുമായി റഷ്യയും തുർക്കിയും മുന്നോട്ട്. തുർക്കിക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. നേരത്തെ റഷ്യയിൽ നിന്ന് എസ് 400 മിസൈൽ വാങ്ങിയതിന് അമേരിക്ക തുർക്കിക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പ്രതികാര നടപടികൾ അമേരിക്ക കടുപ്പിക്കുന്നതിനിടെയാണ് സൈനിക സഹകരണവുമായി മുന്നോട്ട് പോകുമെന്ന് റഷ്യ വ്യക്തമാക്കിയത്.
”റഷ്യയും തുർക്കിയും തമ്മിലുള്ള ബന്ധം സ്വയംപര്യാപ്തമാണ്. അത് ആരുടെയും അക്രമണാത്മകവും ശത്രുതാപരവുമായ പ്രവർത്തനങ്ങളെയും താത്പര്യങ്ങളെയും ആശ്രയിക്കുന്നതല്ല,” ലവ് റോവ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ദേശീയ താത്പര്യം കൂടി പരിഗണിച്ചുള്ള പരസ്പര സഹകരണത്തിനാണ് തുർക്കിയും റഷ്യയും പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.