പുതുവർഷം: ഡിജെ പാർട്ടികൾ എതിർക്കില്ല
കൊച്ചി: പുതുവത്സര രാവിലെ ഡിജെ പാർട്ടികൾ എതിർക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും വിജയ് സാഖറെ വ്യക്തമാക്കി. കൊച്ചി നഗരത്തിൽ കഴിഞ്ഞ ഏതാനം നാളുകളായി ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് എതിർപ്പുണ്ടാകില്ല. എന്നാൽ കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.
ഇക്കാര്യങ്ങൾ പാലിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ഡിജെ പാർട്ടികൾ നടത്തേണ്ടത്. ഹോട്ടലുകളിലും ഡിജെ പാർട്ടികൾ നടക്കുന്നയിടങ്ങളിലും പരിശോധനയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.