പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ച് സ്‌പേസ് എക്‌സ് റോക്കറ്റ്

വാഷിംഗ്ടൺ: ചൊവ്വാ ദൗത്യങ്ങൾ മുന്നിൽക്കണ്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന മാർസ് റോക്കറ്റ് സ്റ്റാർഷിപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ഇന്നലെ ടെക്‌സാസിൽ നടന്ന പരീക്ഷണ വിക്ഷേപണ വേളയിൽ ഉണ്ടായ സ്‌ഫോടനത്തിൽ റോക്കറ്റ് സ്റ്റാർട്ട്ഷിപ്പ് തകർന്നു വീണു. വിക്ഷേപണ തറയിൽ നിന്നും എട്ട് മൈൽ ഉയരത്തിൽ പറന്ന റോക്കറ്റ് തിരിച്ച് ലാൻഡ് ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
എട്ട് മൈൽ ഉയരത്തിൽ പറന്ന റോക്കറ്റിന്റെ ലാൻഡിംഗ് വേഗത കൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം പരീക്ഷണം വിജയകരം എന്ന തരത്തിലാണ് സ്‌പേസ് എക്‌സിന്റെ പ്രതികരണം.
മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് ഇത്. പുനരുപയോഗം സാധ്യമാകുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് സ്‌പേസ് എക്‌സ് വിലയിരുത്തുന്നത്.