അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല; മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടു നേടി വിജയിക്കാന്‍ പോകുകയാണ്


വാഷിംഗ്ടൺ ഡിസി: 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ. തെരഞ്ഞെടുപ്പിന്‍റെ അന്തിമഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കണക്കുകള്‍ വ്യക്തമായ ചിത്രം നല്‍കുന്നു. ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു. 24 മണിക്കൂര്‍ മുൻപ് വരെ ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ഞങ്ങൾ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ മുന്നിലാണ്. നെവാഡയിലും അരിസോണയിലും വിജയത്തിലേക്ക് നീങ്ങുകയാണ്. 

നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടു നേടി വിജയിക്കാന്‍ പോകുകയാണ്. രാജ്യത്തിന്‍റെ പിന്തുണയോടെ ഞങ്ങള്‍ വിജയിക്കും. 2016ല്‍ തകര്‍ന്ന നീല മതില്‍ രാജ്യത്ത് ലീണ്ടും പുനഃസ്ഥാപിച്ചിരിക്കുകയാണ്. അരിസോണയില്‍ 24 വര്‍ഷത്തിനും ജോര്‍ജിയയില്‍ 28 വര്‍ഷത്തിനും ശേഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം നേടുന്നത്. വോട്ടെണ്ണല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. പിരിമുറുക്കം കൂടുതലാണെന്ന് അറിയാം. എങ്കിലും ശാന്തത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ വോട്ടും എണ്ണും. തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികളാണ്, ശത്രുക്കളല്ലെന്നും ട്രംപിനോട് ബൈഡന്‍ പറഞ്ഞു. ബൈഡന് ഇതുവരെ 264 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ട്രംപിന് 214 വോട്ടും. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed