കോവിഡ് വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൈന്യം വാക്സിൻ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ഉടൻ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന തെരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിന് അംഗീകാരം നൽകിയേക്കുമെന്നാണ് സൂചന. നാഷ്‌വില്ലിലെ ബെൽമോണ്ട് യൂണിവേഴ്സിറ്റിയിലാണു തെരഞ്ഞെടുപ്പ് സംവാദം നടക്കുന്നത്.
താൻ തെരഞ്ഞെടുക്കപ്പെട്ടാൽ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്ന ഏതൊരു രാജ്യവും അതിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെങ്കിൽ ഏത് രാജ്യമായാലും അത് ആരായാലും, കനത്ത വില നൽകേണ്ടിവരുമെന്ന് വ്യക്തമാക്കുകയാണ്. അവർ കനത്ത വില നൽകേണ്ടിവരും- ബൈഡൻ കൂട്ടിച്ചേർത്തു. ഒരാൾ സംസാരിച്ചു തുടങ്ങുന്പോൾ എതിരാളിയുടെ മൈക്രോഫോൺ രണ്ടു മിനിട്ട് ഓഫാക്കിവയ്ക്കുകയെന്ന പുതിയ നിയന്ത്രണം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. എതിരാളി സംഭാഷണം തടസപ്പെടുത്തുന്നതു തടയാനാണിത്. 29നു നടന്ന ആദ്യ സംവാദത്തിൽ ട്രംപ് ബൈഡന്‍റെ സംഭാഷണം ഒട്ടനവധി തവണ തടസപ്പെടുത്തിയിരുന്നു.