ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു

വുഹാൻ: ചൈനയിൽ കഴിഞ്ഞ ദിവസം 99 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 11 ന് രോഗം സ്ഥിരീകരിച്ച 63 പേർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും അപകടകരമായ വസ്തുതയെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്സി) റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 10ന് സ്ഥിരീകരിച്ച കൊവിഡ് രോഗികളിൽ 34 പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇന്നലെ അതിന്റെ ഇരട്ടി ആളുകൾക്കാണ് ലക്ഷണങ്ങൾ ഇല്ലാതെ രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തിൽ ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ചൈനയിലെ ആരോഗ്യ പ്രവർത്തകർ പേടിയോടെയാണ് കാണുന്നത്. ഇത് രോഗികളെ കണ്ടെത്തുന്നതിന് തടസമായേക്കുമെന്നും, അതുവഴി കൂടുതൽ അപകടം ഉണ്ടായേക്കുമെന്നും അധികൃതർ ഭയക്കുന്നു.
അതേസമയം, പുതിയ കൊവിഡ് രോഗികളിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് കൂടുതൽ. ചൈനയുടെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലാണ് രോഗികൾ കൂടുതലുള്ളത്. ഏപ്രിൽ 11 ന് നഗരത്തിൽ 52 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊവിഡ് പ്രതിരോധത്തിന് ലോക സംഘടനടകളുടെ സഹായം പാകിസ്ഥാന്‍ തേടി.