ചെല്‍സി ഇതിഹാസ ഗോളി പീറ്റർ ബൊനെറ്റി അന്തരിച്ചു

ചെല്‍സി: ചെൽസിയുടെ ഇതിഹാസ ഗോളി പീറ്റർ ബൊനെറ്റി(78) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന മുന്‍താരം വിടവാങ്ങിയതായി ചെൽസി ക്ലബാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. അവിശ്വസനീയമായി 729 മത്സരങ്ങളിൽ വലകാത്ത വിസ്മയ ഗോളിയുടെ വേർപാട് ഏറെ സങ്കടത്തോടെ അറിയിക്കുകയാണ് എന്നായിരുന്നു ക്ലബിന്‍റെ ട്വീറ്റ്. ഗോള്‍ബാറിനെ കീഴെ ചുറുചുറുക്കുകൊണ്ട് ‘ദ് ക്യാറ്റ്’ എന്നായിരുന്നു പീറ്റർ ബൊനെറ്റിയുടെ വിശേഷണം. നീണ്ട രണ്ട് പതിറ്റാണ്ടോളം നീലപ്പടയുടെ കുപ്പായമണിഞ്ഞു. ക്ലബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ഏഴ് തവണ മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ജഴ്സി അണിയാന്‍ അവസരം ലഭിച്ചത്. ക്ലബ് തലത്തില്‍ ചെൽസി കുപ്പായത്തിൽ മികച്ച റെക്കോർഡാണ് പീറ്റർ ബൊനെറ്റിക്കുള്ളത്. 1965ൽ ലീഗ് കപ്പും 1970ൽ എ.ഫ്.എ കപ്പും ചെൽസിക്കൊപ്പം ഉയർത്തി. വിരമിച്ച ശേഷം ഗോള്‍കീപ്പിംഗ് പരിശീലകനായി ചെൽസി, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം പ്രവർത്തിക്കാനും പീറ്ററിനായി.