യു.എസില്‍ ട്രെയിന്‍ തട്ടി മലയാളി ഡോക്ടേഴ്സ് ദമ്പതികളുടെ മകന് മരിച്ചു

ന്യൂയോർക്ക്: ഹ്യൂലെറ്റിൽ ഡോക്ടേഴ്സ് ദമ്പതികളായ ഡോ.സാബുവിന്റെയും ഡോ.മേരി ജോണിന്റെയും മകൻ ജോൺ സാബു (15) ട്രെയിൻ തട്ടി മരിച്ചു. ഹ്യൂലറ്റ് ഹൈസ്കൂളിൽ ടെൻത്ത് ഗ്രേഡ് വിദ്യാർഥിയായിരുന്നു. ദിവസവും റെയിൽറോഡിന് എതിർവശമുളള സ്കൂളിൽ ജോണിനെ ഇറക്കിയിട്ടാണ് മാതാപിതാക്കൾ ജോലിക്കു പോകാറുളളത്. സംഭവ ദിവസമായ സെപ്റ്റംബർ 6 വെളളിയാഴ്ചയും പതിവു പോലെ മകനെ സ്കൂളിൽ ഇറക്കിയിട്ട് മാതാപിതാക്കൾ ജോലിക്കു പോയി. പക്ഷേ സ്കൂൾ പടിക്കലെത്തിയ ജോൺ ക്ലാസിൽ അത്യാവശ്യം വേണ്ട ഫയൽ മറന്നു. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വീട്ടിലേക്ക് ധൃതിയിൽ നടന്നു പോയി ഫയലെടുത്ത് തിരിച്ചുവന്ന ജോൺ ഏറെ തിടുക്കത്തിൽ റെയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് എതിരെ വന്ന ട്രെയിൻ തട്ടിയത്. റെയിൽറോഡ് ബാരിയർ കാണാതെ പോയതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല.
ഡോ.സാബു ജോൺ ആര്യപ്പള്ളിൽ കുറവിലങ്ങാട് സ്വദേശിയാണ്. തിരുവല്ല സ്വദേശിയാണ് ഡോ.മേരി ജോൺ മല്ലപ്പള്ളിൽ. സഹോദരൻ ജേക്കബ്.