വെനസ്വേലയിലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിൽ

ആഭ്യന്തര സംഘർഷം രൂക്ഷമായ വെനസ്വേലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ ശിശുമരണം ക്രമാതീതമായി കൂടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ അധികാരത്തർക്കങ്ങൾക്കിടയിൽ പൗരന്മാരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കരാക്കസിൽ നിന്ന് 300 കിലോ മീറ്റർ അകലെയുള്ള ഒരു ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 14 കുട്ടികളാണ് മരിച്ചത്.രാജ്യത്തെ കുട്ടികളിൽ രോഗ പ്രതിരോധ ശേഷി തീരെ കുറവായത് കാരണം ശുദ്ധ ജലത്തിന്റെയും പോഷകാഹാരത്തിന്റെയും അപര്യാപ്തതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആശുപത്രികളിൽ ആവശ്യത്തിനുള്ള ജീവനക്കാരില്ല, മരുന്നോ സിറിഞ്ചുകളോ മറ്റു അവശ്യ ചികിത്സാ സംവിധാനങ്ങളോ ഇല്ല. അസുഖബാധിതരായ കുട്ടികൾക്ക് വേണ്ടത്ര ചികിത്സ നല്‍കാനാവുന്നില്ലെന്ന് ആശുപത്രി അധികൃതർ തന്നെ വ്യക്തമാക്കുന്നു. പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി പ്രസിഡണ്ട് നിക്കോളാസ് മദൂറോ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.