സൗദി അറേബ്യ ഇന്ത്യയിൽ നിക്ഷേപങ്ങൾ വിപുലമാക്കും


ബ്യൂനസ് ഐറിസ് : ഊർജം, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം എന്നീ മേഖലകളിൽ സൗദി അറേബ്യ ഇന്ത്യയിൽ നിക്ഷേപങ്ങൾ വിപുലമാക്കും. ഇന്നലെ ആരംഭിച്ച ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കാനുള്ള നടപടികൾ ചർച്ച ചെയ്തത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു രൂപം കൊടുത്ത നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടൻ നടത്തുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി.

സാങ്കേതികവിദ്യ വികസന രംഗത്തും കാർഷിക, ഊർജ രംഗത്തുമുള്ള ഭാവി നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ നേതൃതലത്തിൽ പ്രത്യേക സംവിധാനം ഉണ്ടാക്കും. 3–4 വർഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണു പരിഗണനയിലുള്ളത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയിൽനിന്നാണ്.

ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണു യോഗ എന്ന് ഉച്ചകോടിക്കിടെ നടന്ന യോഗ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2014 ലാണു യുഎൻ പൊതുസഭ ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്.

You might also like

Most Viewed