ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി; അമിത് ഷാ കേരളത്തിലെത്തും

കോഴിക്കോട്: ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിലയ്ക്കലില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു.
ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് വിവരം. സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കുകയും ചെയ്തു.
നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.