ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ജെറമി ഹണ്ട് ചുമതലയേറ്റു

ലണ്ടൻ : ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്നു രാജിവച്ച ബോറീസ് ജോൺസനു പകരം പുതിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ജെറമി ഹണ്ട് ചുമതലയേറ്റു. തെരേസാ മേയ്ക്ക് സർവ പിന്തുണയും നൽകുമെന്നു ഹണ്ട് വ്യക്തമാക്കി.
ജോൺസനു പുറമേ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ബേക്കറും രാജിവച്ചിരുന്നു. ഇന്നലെ ചേർന്ന കാബിനറ്റ് യോഗത്തിൽ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മേ ഊന്നിപ്പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിന്നില്ലെങ്കിൽ ജെറമി കോർബിൻ അധികാരത്തിലെത്താമെന്ന അപകടമുണ്ടെന്ന് അവർ ഓർമിപ്പിച്ചു.
ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ വെള്ളം ചേർക്കുന്നെന്നും യൂറോപ്യൻ യൂണിയനു കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നുമാണ് മേയ്ക്ക് എതിരെ രാജിവച്ച മന്ത്രിമാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. മേയുടെ പദ്ധതി പ്രാവർത്തികമായാൽ യൂറോപ്യൻ യൂണിയന്റെ കോളനിയായി ബ്രിട്ടൻ അധഃപതിക്കുമെന്ന് ജോൺസൺ പറഞ്ഞു. ചെക്കേഴ്സിൽ ചേർന്ന കാബിനറ്റ് യോഗം ബ്രെക്സിറ്റ് വിഷയത്തിൽ അംഗീകരിച്ച നിലപാട് അവഗണിച്ചാണ് ജോൺസണും ഡേവിസും രാജിവച്ചത്.