തിരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേറാക്രമണം : 20 പേർ കൊല്ലപ്പെട്ടു

പെഷവാർ : പാകിസ്ഥാനിലെ പെഷവാറിൽ തിരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേർ ആക്രമണം. സംഭവത്തിൽ സ്ഥാനാർത്ഥി ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെഷവാറിലെ യാക്തൂത് പ്രദേശത്ത് അവാമി നാഷണൽ പാർട്ടിയുടെ (എ.എൻ.പി) തിരഞ്ഞെടുപ്പ് റാലിയിലാണ് ആക്രമണമുണ്ടായത്.
എ.എൻ.പിയുടെ ഹരോൺ ബിലോർ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ ബോംബുകൾ ഘടിപ്പിച്ചെത്തിയ ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജൂലൈ 25ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്പായി സുരക്ഷാ ഭീഷണിയുണ്ടെന്ന് പാകിസ്ഥാൻ സൈനിക വക്താവ് അറിയിച്ച് മണിക്കൂറുകൾക്കകമാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തിരഞ്ഞടുപ്പിന് മുന്പ് പാകിസ്ഥാനിൽ ഇത്ര കടുത്ത ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്. താലിബാനാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
2013ലെ തിരഞ്ഞടുപ്പിന്റെ സമയത്തും എ.എൻ.പിയെ ലക്ഷ്യം വച്ച് താലിബാൻ ആക്രമണം നടത്തിയിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവ് ബഷീർ ബിലൗർ അന്നത്തെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും സ്ഥാനാർത്ഥിയുമായിരുന്ന ഹരൂൺ ബിലോറാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ഏറെ ചേർന്നു കിടക്കുന്ന പെഷവാർ ഭീകരരുടെ താവളമാണ്. വർഷങ്ങളായി തങ്ങളുടെ കീഴിലുള്ള രാഷ്ട്രം എന്ന സ്വപ്നത്തിനു വേണ്ടി ആയിരക്കണക്കിന് ആളുകളെയാണ് താലിബാൻ ഭീകരർ കൊന്നൊടുക്കിയത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ഭീകര പ്രവർത്തനങ്ങൾക്ക് വലിയ കുറവുണ്ടായിരുന്നു. പക്ഷേ ഈ ഭീകരർ പലരും അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയാണ് ചെയ്തത്. ഇവിടെ ഇരുന്നു കൊണ്ടാണ് ഇവർ പാകിസ്ഥാനിലെ പല ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നത്.