ട്രംപിന്റെ സന്ദർശനം : ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി

ലണ്ടൻ : അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ബ്രിട്ടനിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. നാളെയാണ് ട്രംപ് ബ്രിട്ടനിലെത്തുക. പ്രധാനമന്ത്രി തെരേസ മേയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ട്രംപ് ബ്രിട്ടൻ സന്ദർശിക്കുന്നത്.
യൂറോപ്യൻ നിർമ്മിത വസ്തുക്കൾക്ക് ട്രംപ് ഭരണകൂടം അമിത ചുങ്കം ഏർപ്പെടുത്തിയ വിവാദങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ബ്രിട്ടൻ സന്ദർശനം. കഴിഞ്ഞ വർഷം അമേരിക്ക സന്ദർശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് അദ്ദേഹത്തെ ഔദ്യോഗികമായി രാജ്യത്തേക്ക് ക്ഷണിച്ചത്.
സന്ദർശനത്തോട് അനുബന്ധിച്ച് ട്രംപിന് താമസമൊരുക്കിയ വെസ്റ്റ് ഫീൽഡിന് പുറത്തും അകത്തുമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
എന്നാൽ ട്രംപ് അധികാരത്തിലേറിയത് മുതൽ വിവിധ വിഷയങ്ങളിൽ ബ്രിട്ടനുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യമുള്ളതിനാൽ ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കരുതെന്ന് ഒരുവിഭാഗം ആളുകളുടെ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ തെരേസാ മേ തുടരണമോ എന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ബ്രിട്ടനിലെ പൊതുജനങ്ങളാണെന്ന അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ പ്രസ്താവന വിവാദമായി. യൂറോപ്യൻ പര്യടനത്തിനു തിരിക്കും മുന്പാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ബോറീസ് ജോൺസൺ തന്റെ സുഹൃത്താണെന്നും ബ്രിട്ടീഷ് സന്ദർശനവേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.