തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും രക്ഷപ്പെടുത്തി

ബാങ്കോക്ക് : തായ്‌ലൻഡിൽ വെള്ളപ്പൊക്കത്തിലായ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിച്ചതോടെ ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യം സമ്പൂർണവിജയം. നാലുപേരെ വീതം ആദ്യ രണ്ടു ദിവസങ്ങളിൽ രക്ഷപ്പെടുത്തിയിരുന്നു. ഗുഹയിൽ അവശേഷിച്ച നാലു കുട്ടികളെയും പരിശീലകനെയും കൂടി പുറത്തെത്തിച്ചതോടെ ദൗത്യം പൂർത്തിയായി. മൂന്നു ദിവസങ്ങളിലായി മൊത്തം 13 പേരെയാണ് രക്ഷാപ്രവർത്തകർ ഗുഹയിൽനിന്ന് പുറത്തെത്തിച്ചത്.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു തായ്‌ലൻഡ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ സ്ട്രെച്ചറിൽ കിടത്തി പുറത്തെത്തിച്ച ഓരോരുത്തരെയും ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുഹയിൽ കുട്ടികളെ കണ്ടെത്തിയ രണ്ടാം തീയതി മുതൽ ഒൻപതു ദിവസമായി അവർക്കൊപ്പമുണ്ടായിരുന്ന ഡോക്ടറും മൂന്നു നേവി സീൽ അംഗങ്ങളുമാണ് അവസാനം പുറത്തുവന്നത്. ആറിനു ഗുഹയിലേക്ക് ഓക്സിജൻ ടാങ്കുകൾ എത്തിച്ചു മടങ്ങും വഴി ജീവൻ നഷ്ടമായ മുങ്ങൽ വിദഗ്ധൻ സമൻ കുനോന്താണു ദൗത്യത്തിലെ കണ്ണീരോർമ.
ഫുട്ബോൾ പരിശീലനത്തിനു പോയ 11നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ പരിശീലകനും ജൂൺ 23 നാണു താം ലുവാങ് ഗുഹയിൽ കുടുങ്ങിയത്. വെള്ളക്കെട്ടിലൂടെയും കുത്തനെയുള്ള ഇടുക്കിലൂടെയും ഇവരെ പുറത്തെത്തിക്കുക എന്ന ദൗത്യമാണു വിജയകരമായി പൂർത്തിയായത്.