മന്ത്രിസഭയിൽ രാജി പരമ്പര : തെരേസാ മേ സർക്കാർ പ്രതിസന്ധിയിൽ

ലണ്ടൻ : പ്രധാനമന്ത്രി തെരേസാ മേയുമായുള്ള ഭിന്നതയെത്തുടർന്നു ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും രാജിവച്ചതോടെ ബ്രിട്ടനിലെ ഭരണ കക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽ ഭിന്നത രൂക്ഷമായി. പാർട്ടിയിലെ രണ്ടാമനായാണു ജോൺസൺ അറിയപ്പെടുന്നത്. ഡേവിസിനു പകരം ഡൊമിനിക് റാബിനെ ബ്രെക്സിറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തിപ്പെട്ടതോടെ കൂടുതൽ രാജിയുണ്ടാകുമെന്നാണ് സൂചന.
യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകിയത് ഡേവിഡ് ഡേവിസ് ആയിരുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ −യൂറോപ്യൻ യൂണിയൻ സഹകരണത്തിനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ പദ്ധതിക്ക് ബ്രിട്ടീഷ് പാർലമെന്റ് അംഗീകാരം നൽകിയതിനു തൊട്ടു പിന്നാലെയാണ് മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്നതായി ഡേവിസ് പ്രഖ്യാപിച്ചത്. ഡേവിഡിനു പിന്നാലെ ജൂനിയർ സെക്രട്ടറി സ്റ്റീവ് ബേക്കറും രാജി സമർപ്പിച്ചിട്ടുണ്ട്.
സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇവർ രാജിവച്ചതോടെ മന്ത്രിസഭായോഗം ചേരാനും എം.പിമാരുമായി ചർച്ച നടത്താനുമാണ് തെരേസാ മേയുടെ തീരുമാനം. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്കു മുൻകൈയെടുത്തെങ്കിലും പ്രധാനമന്ത്രിയുടെ ബെക്സിറ്റ് നയത്തോടുള്ള എതിർപ്പാണു ഡേവിഡിന്റെ രാജിയിൽ കലാശിച്ചതെന്നാണു റിപ്പോർട്ട്. ബ്രക്സിറ്റ് കാര്യങ്ങളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഇവരുടെ രാജി നൽകുന്ന സൂചനകൾ നിരവധിയാണ്. മന്ത്രിമാർക്കിടയിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെയുള്ള വികാരം ശക്തമാകുകയും പാർട്ടിയിൽ മേയുടെ ‘മൃദു ബ്രെക്സിറ്റ്’ നയത്തോട് എതിർപ്പ് രൂക്ഷമാകുകയും ചെയ്യുന്നുവെന്നാണ് വ്യക്തമാകുന്നത്.
പ്രധാനമന്ത്രിയുടെ ‘നിർബന്ധിതപട്ടാളസേവന പദ്ധതിയിലെ വിമുഖനായ പടയാളി’യാകാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞാണ് ഡേവിസ് പുറത്തിറങ്ങുന്നത്. തെരേസ മേയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്. നേരത്തെ മേയുടെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിക്കും രാജി വെക്കേണ്ടതായി വന്നിരുന്നു. നയങ്ങൾ നടപ്പാക്കാൻ സാധിക്കാതിരിക്കുകയും മന്ത്രിമാരുടെ രാജികൾ മാത്രം നടക്കുകയും ചെയ്യുന്ന സാഹചര്യം പാർട്ടിക്കകത്ത് ഗൗരവമേറിയ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. തെരേസ മേയുടെ പാർട്ടിയിലെ എതിരാളികളെ ഇത് ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒരു ‘പൊതുപ്രമാണം’ സൂക്ഷിക്കാമെന്ന നയത്തിലാണ് തെരേസ മേ നിൽക്കുന്നത്. എന്നാലിത്, ബ്രക്സിറ്റിൽ വെള്ളം ചേർക്കലാണെന്ന് പാർട്ടിക്കകത്തും മന്ത്രിമാർക്കിടയിലും ആരോപണമുണ്ട്. ബ്രിട്ടന്റെ സാന്പത്തികവ്യവസ്ഥയിൽ ചെറുതല്ലാത്ത നിയന്ത്രണം യൂറോപ്യൻ യൂണിയന് വീണ്ടും നൽകലായി ഈ നീക്കം മാറുമെന്ന് മന്ത്രിമാർ പറയുന്നു. യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വിപണന മേഖല പങ്കിടണമെന്നാണ് തെരേസ മേ പദ്ധതിയിടുന്നത്. യൂണിയനുമായി ശക്തമായ വ്യാപാരബന്ധം തുടരാനും ഇത് സഹായകമാകുമെന്ന് മേ കരുതുന്നു. എന്നാൽ ഈ വിട്ടുവീഴ്ചയ്ക്ക് താൻ തയ്യാറല്ലെന്ന് ഡേവിസ് വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾ സംബന്ധിച്ചു ധാരണയിലെത്തി 2019 മാർച്ചിനു മുന്പ് കരാർ ഒപ്പിട്ടില്ലെങ്കിൽ ബ്രെക്സിറ്റ് അവതാളത്തിലാകുമെന്ന ആശങ്കയുമുണ്ട്. അഴിമതിയും ലൈംഗിക അപവാദങ്ങളും മൂലം ഒട്ടേറെ മന്ത്രിമാരെ നഷ്ടമായ തെരേസ മേ സർക്കാരിനു ഡേവിസിന്റെയും ജോൺസന്റെയും രാജി കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ എം.പിമാർക്കിടയിലും മേയുടെ നിലപാടിനെതിരെ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്.