പാകിസ്ഥാനിലെത്തിയാൽ ഷെരീഫിനെ അറസ്റ്റ് ചെയ്യും : നിയമമന്ത്രി അലി സഫർ

ലാഹോർ : പാകിസ്ഥാനിലെ ഏതെങ്കിലും വിമാനത്താവളത്തിൽ എത്തിയാൽ നവാസ് െഷരീഫിനെയും മകൾ മറിയത്തെയും അറസ്റ്റ് ചെയ്യുമെന്നു നിയമമന്ത്രി അലി സഫർ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം ലാഹോറിൽ ലാൻഡു ചെയ്യുന്ന ഫ്ലൈറ്റിൽ തങ്ങൾ ഉണ്ടാവുമെന്ന് ഇപ്പോൾ ലണ്ടനിലുള്ള നവാസും മകളും പറഞ്ഞു. ലണ്ടനിലെ അവൻഫീൽഡ് ഫ്ളാറ്റ് വാങ്ങിയതു സംബന്ധിച്ച അഴിമതിക്കേസിൽ ഇരുവർക്കും എൻ.എ.ബി കോടതി അവരുടെ അസാന്നിധ്യത്തിൽ യഥാക്രമം പത്തുവർഷവും ഏഴു വർഷവും തടവുശിക്ഷ വിധിച്ചിരുന്നു. ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന നവാസിന്റെ ഭാര്യ കുൽസൂമിനെ പരിചരിക്കാൻ വേണ്ടിയാണ് ഇരുവരും ലണ്ടനിലേക്കു പോയത്.
കോടതിവിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും പാകിസ്ഥാനിൽ കാലുകുത്തിയാലുടൻ നവാസ് ഷെരീഫിനെയും മറിയത്തെയും നിയമപാലകർ കസ്റ്റഡിയിലെടുക്കുമെന്നും കാവൽ ഭരണകൂടത്തിലെ നിയമമന്ത്രി അലി സഫർ റിപ്പോർട്ടർമാരോടു പറഞ്ഞു. അല്ലെങ്കിൽ അവർ ജാമ്യം നേടണം. ഇരുവരെയും കസ്റ്റഡിയിലെടുക്കുമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയും(എൻ.എ.ബി) വ്യക്തമാക്കിയിട്ടുണ്ട്. നവാസിനും മറിയത്തിനും ഒപ്പം ഈ കേസിൽ ശിക്ഷ വിധിക്കപ്പെട്ട മറിയത്തിന്റെ ഭർത്താവ് റിട്ടയേർഡ് ക്യാപ്റ്റൻ മുഹമ്മദ് സഫർ കഴിഞ്ഞ ദിവസം റാവൽപ്പിണ്ടിയിൽ പോലീസിനു കീഴടങ്ങിയിരുന്നു.
അതേസമയം നവാസിനെതിരെയുള്ള രണ്ടാമത്തെ അഴിമതിക്കേസിന്റെ (അൽ അസീസാ സ്റ്റീൽമിൽ കേസ്) വിചാരണ എൻ.എ.ബി ജഡ്ജി മുഹമ്മദ് ബഷീർ നീട്ടിവെച്ചു. അവൻഫീൽഡ് കേസിനും സ്റ്റീൽമിൽ കേസിനും പരസ്പരം ബന്ധമുള്ളതിനാൽ അവൻഫീൽഡ് കേസ് കേട്ട ജഡ്ജി ഈ കേസ് കേൾക്കുന്നതു ശരിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കേസ് 12ലേക്ക് നീട്ടിവച്ചത്. കോടതിമാറ്റം സംബന്ധിച്ച് തീരുമാനിക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് റഫർചെയ്യാനും ജഡ്ജി തീരുമാനിച്ചു.