ആധാർ കാർഡ് ലിങ്ക് ചെയ്യേണ്ടുന്ന പത്ത് കാര്യങ്ങൾ

ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കേന്ദ്രസർക്കാർ നടപ്പിലാക്കിയ തിരിച്ചറിയൽ കാർഡാണ് ആധാർ കാർഡ്. ഇത് യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്ക് പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചാണ് 12 അക്ക നന്പറുള്ള തിരിച്ചറിയൽ കാർഡ് നൽകുന്നത്. 2010 സപ്തംബർ 29ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഇപ്പോൾ ഇന്ത്യയിൽ ആധാറില്ലാതെ സാന്പത്തിക ഇടപാടുകളോ ക്രയവിക്രയങ്ങളോ സാധ്യമല്ലാതായിരിക്കുന്നു. ആധാർ കാർഡ് ലിങ്ക് ചെയ്യേണ്ടുന്ന പത്ത് കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്.
1. ഓഹരി വിപണിയിൽ പങ്ക് ചേരാൻ
ഓഹരികളും മ്യൂച്വൽ ഫണ്ടുകളും മറ്റും വാങ്ങുന്നതിന് ആധാർ നിർബന്ധമക്കാനൊരുങ്ങുകയാണ് സർക്കാർ.
2. ബാങ്ക് അക്കൗണ്ട്
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാർ ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ അക്കൗണ്ടുള്ളവരും ആധാർ നന്പർ ബാങ്കിൽ നൽകണം. 50,000 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകൾക്ക് ആധാർ നിർബന്ധവുമാണ്.
3. ആദായ നികുതി റിട്ടേൺ
ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കി.
4. പാൻ കാർഡ്
പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ) ലഭിക്കുന്നതിന് അപേക്ഷിക്കുന്പോൾ ആധാർ നന്പർ നിർബന്ധമായും നൽകണം. നിലവിൽ പാൻ ഉള്ളവർ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.
5. ഇപിഎഫ് അക്കൗണ്ട്
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
6. മൊബൈൽ ഫോൺ നന്പർ
പുതിയ ഫോൺ നന്പർ ലഭിക്കണമെങ്കിൽ ആധാർ കാർഡ് നൽണം. നിലവിലുള്ള മൊബൈൽ ഫോൺ നന്പറുകൾ ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.
7. സ്കോളർഷിപ്പുകൾ
കേന്ദ്ര സർക്കാരിന്റെയോ മറ്റോ സ്കോളർഷിപ്പുകൾക്കോ സാന്പത്തിക സഹായങ്ങൾക്കോ വിദ്യാർത്ഥികൾ അപേക്ഷിക്കുന്പോൾ ആധാർ നന്പർ നിർബന്ധമായും ചേർക്കണം.
8. പാസ്പോർട്ട്
പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ നിർബന്ധമായും നൽകേണ്ട രേഖകളിലൊന്നാണ് ആധാർ. ആധാറില്ലാതെ നിങ്ങൾക്ക് പുതിയ പാസ്പോർട്ട് ലഭിക്കില്ല.
9. റെയിൽവേ യാത്രാ സൗജന്യം
ട്രെയിനിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള പ്രത്യേക ആളുകൾ യാത്രാ സമയത്ത് ആധാർ കാർഡ് കാണിക്കേണ്ടതുണ്ട്. സൗജന്യ യാത്രയ്ക്ക് അപേക്ഷിക്കുന്പോഴും ആധാർ വേണം. വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണിത്.
10. സ്കൂൾ ഉച്ചഭക്ഷണം
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം ലഭിക്കണമെങ്കിൽ വിദ്യാർത്ഥികൾ ആധാർ വിവരങ്ങൾ നൽകണം. നിലവിൽ അല്ലാത്തവർക്കും ഭക്ഷണം നൽകുന്നുണ്ട്.