കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് ട്രംപിന്റെ സാന്പത്തിക ഉപദേഷ്ടാവിന് ഹൃദയാഘാതം

സിംഗപ്പൂർ സിറ്റി : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സാന്പത്തിക ഉപദേഷ്ടാവ് ലാറി കഡ്ലോയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്പ് രാവിലെ ഇരുവിഭാഗവും ചർച്ച തുടങ്ങുന്നതിന് മുന്പായിരുന്നു കഡ്ലോയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന കഡ്ലോയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ജൂഡി കഡ്ലോയും ആശുപത്രിയിലുണ്ട്.
അമേരിക്കൻ നാഷണൽ എക്കണോമിക് കൗൺസിലിന്റെ തലവനായി ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് അദ്ദേഹം നിയമിതനായത്.