ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇരിപ്പിടം നരകത്തിൽ : ട്രംപിന്റെ ഉപദേശകൻ

വാഷിംഗ്ടൺ : കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു നേരെയുള്ള വിമർശനങ്ങൾ കടുപ്പിച്ച് അമേരിക്ക. ജി 7 ഉച്ചകോടിക്കു പിന്നാലെ, ട്രൂഡോയെ വിമർശിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പിന്നാലെ ട്രംപിന്റെ മുതിർന്ന ഉപദേശകരും ട്രൂഡോയ്ക്കെതിരെ പരാമർശം നടത്തി.
രാഷ്ട്രീയ കണക്കുകൂട്ടലോടെയാണ് ജി 7 ഉച്ചകോടി നടന്നതെന്നും അമേരിക്കയെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചെന്നും ഉപദേശകർ ടിവി ഷോകളിൽ ആരോപിച്ചു. എല്ലാവരുടെയും ഒപ്പം ചേർന്നു അമേരിക്കൻ പ്രസിഡണ്ടിനെ വളഞ്ഞിട്ട് അക്രമിക്കാൻ കാനഡ പ്രധാനമന്ത്രിയെ അനുവദിക്കില്ലെന്ന് ട്രംപിന്റെ ചീഫ് ഇക്കണോമിക് അഡ്വൈസർ ലാരി കുഡ്ലോവ് പറഞ്ഞു.
ട്രംപിന്റെ മുതിർന്ന വ്യവസായ ഉപദേശകൻ പീറ്റർ നവാരോ ട്രൂഡിനെ ഇകഴ്ത്തുന്ന ഭാഷയിലാണു സംസാരിച്ചത്. അശുഭാപ്തി നയതന്ത്രവുമായി പ്രസിഡണ്ട് ട്രംപിനോട് ഇടപെടുന്ന വിദേശ നേതാവിനു നരകത്തിൽ പ്രത്യേക ഇരിപ്പിടമുണ്ടെന്നും പീറ്റർ പറഞ്ഞു. അലൂമിനിയം, ഉരുക്ക് ഉൽപന്നങ്ങൾക്ക് ഇറക്കുമതിതീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനം സൃഷ്ടിച്ച കടുത്ത ഭിന്നത പരിഹരിക്കാനാവാതെയാണ് ഉച്ചകോടി സമാപിച്ചത്. ഇറക്കുമതി തീരുവയുടെ കാര്യത്തിൽ കാനഡ പ്രധാനമന്ത്രി യൂറോപ്യൻ രാജ്യങ്ങൾക്കും ജപ്പാനുമൊപ്പം അമേരിക്കയ്ക്കെതിരെ നിലപാടെടുത്തിരുന്നു.