അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ ഓൺലൈൻ സൈറ്റുകൾ പണം തട്ടുന്നു

കണ്ണൂർ : ഓൺലൈൻ ഇടപാടുകൾ നടത്തിയെന്ന വ്യാജേന അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ടിൽനിന്നു വ്യാപകമായി പണം തട്ടുന്നു. ഓൺലൈൻ സൈറ്റുകളുടെ മേൽവിലാസത്തിലാണ് അക്കൗണ്ട് ഉടമകളുടെ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്കു പണം പിൻവലിച്ചതായി മെസേജ് വരുന്നത്. കഴിഞ്ഞ എട്ടാം തിയ്യതി വൈകുന്നേരം 4.30നും രാത്രി 9.30നും ഇടയിലാണ് മുണ്ടയാട് സ്വദേശി സി. പ്രദീപന്റെ കണ്ണൂർ ഫോർട്ട് റോഡിലുള്ള എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണു പണം നഷ്ടപ്പെട്ടത്.
എക്സ്പ്രസ് ഡോട്ട് കോം, ഐട്യൂൺസ് ഡോട്ട് കോം എന്നീ സൈറ്റുകളുടെ പേരിലാണ് പണം പിൻവലിച്ച മെസേജ് വന്നത്. ഒ.ടി.പിയും എ.ടി.എമ്മിന്റെ പിൻനന്പരും യാതൊരു തരത്തിലും പ്രദീപൻ ഷെയർ ചെയ്തിട്ടില്ല. കണ്ണൂർ ടൗൺ േസ്റ്റഷൻ, എസ്.ബി.ഐ, സൈബർ സെൽ എന്നിവിടങ്ങളിൽ പ്രദീപൻ പരാതി നൽകിയിട്ടുണ്ട്. സൈബർ സെൽ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എക്സ്പ്രസ് ഡോട്ട് കോം എന്ന സൈറ്റ് ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തെ അന്താരാഷ്ട്ര സൈറ്റുകളിലൊന്നാണ്. ഐട്യൂൺസ് ആപ്പിൾ ഫോണുമായി ബന്ധപ്പെട്ട സൈറ്റുമാണ്. ഇത്തരത്തിൽ നിരവധി പരാതികൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.
ആദ്യം ചെറിയ തുക പിൻവലിക്കുകയും അതു തിരികെ അക്കൗണ്ടിലേക്ക് എത്തിയതായും കാണിച്ചു മെസേജ് അയച്ച് അക്കൗണ്ട് ഉടമകളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമാണു തട്ടിപ്പ് തുടരുന്നത്.
അന്താരാഷ്ട്ര സംഘമാണ് ഈ ഹൈടെക് തട്ടിപ്പിനു പിന്നിലെന്നാണു നിഗമനം. തന്റെ ബാങ്ക് അക്കൗണ്ടിലെ പണം ചെറിയ ചെറിയ തുകകളായി നഷ്ടമായെന്നു കാണിച്ച് ആലപ്പുഴജില്ലയിലെ വീട്ടമ്മ കഴിഞ്ഞ ദിവസംപരാതിയുമായി രംഗത്തുവന്നിരുന്നു.