ഇറ്റലി തുറമുഖം അടച്ചു; അഭയാർത്ഥികളെ സ്പെയിൻ രക്ഷിച്ചു

റോം : ഇറ്റലിയും മാൾട്ടയും പ്രവേശനാനുമതി നിഷേധിച്ച അഭയാർത്ഥിക്കപ്പലിനു സ്പെയിനിലെ വലൻസ്യാ തുറമുഖത്ത് അടുക്കാൻ സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് അനുമതി നൽകി. ഇറ്റലിയിലെ കുടിയേറ്റവിരുദ്ധ സർക്കാർ കടലിൽനിന്നു രക്ഷപ്പെടുത്തിയ 629 അഭയാർത്ഥികളുമായി എത്തിയ അക്വേറിയസ് എന്ന കപ്പലിനാണ് പ്രവേശനാനുമതി നിഷേധിച്ചത്. 123 കുട്ടികളും ഏഴു ഗർഭിണികളും കപ്പലിലുണ്ടായിരുന്നു.
ബോട്ടുകളിൽ മെഡിറ്ററേനിയൽ കടൽ താണ്ടി യൂറോപ്പിലേക്കു കുടിയേറാൻ ശ്രമിക്കവേ അപകടത്തിൽപ്പെട്ടവരാണു ഈ കപ്പലിലുള്ളവരത്രയും. ശനിയാഴ്ച രാത്രിമുതൽ ഞായാറാഴ്ച പുലർച്ചവരെ ആറു തവണയായാണ് ഇത്രയും പേരെ ഇറ്റാലിയൻ നാവികകപ്പലുകളും ചരക്കുകപ്പലുകളും ചേർന്നു രക്ഷിച്ച് അക്വേറിയസിലെത്തിച്ചത്.
ജീവൻ രക്ഷിക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ, ഇറ്റലിയെ വൻ അഭയാർത്ഥി ക്യാന്പാക്കി മാറ്റാൻ സമ്മതിക്കില്ലെന്ന് കുടിയേറ്റ വിരുദ്ധ നിലപാടുള്ള ഇറ്റാലിയൻ ആഭ്യന്തരമന്ത്രി സൽവീനി പറഞ്ഞു. തുറമുഖങ്ങൾ അടയ്ക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ, മാൾട്ടയിൽ കപ്പൽ അടുപ്പിക്കാനുള്ള ശ്രമം മാൾട്ടീസ് ഭരണകൂടം തടഞ്ഞു. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് ഇറ്റലിയായതിനാൽ അഭയാർത്ഥികളെ സ്വീകരിക്കാനും അവർക്കു കടമയുണ്ടെന്ന് മാൾട്ടീസ് പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു.
ഇതേത്തുടർന്നാണു കപ്പൽ വലൻസ്യായിൽ അടുപ്പിക്കാൻ അനുമതി നൽകുകയാണെന്നു സ്പെയിനിലെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് അറിയിച്ചത്.