പ്രധാനമന്ത്രി വാജ്പേയിയെ സന്ദർശിച്ചു

ന്യൂഡൽഹി : വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച അദ്ദേഹം ബന്ധുക്കളുമായും ഡോക്ടർമാരുമായും വാജ്പേയിയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ എന്നിവരും മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി രോഗക്കിടക്കയിലാണ് വാജ്പേയി. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എയിംസിലെ ഡയറക്ടർ രൺദീപ് ഗുലേറിയുടെ മേൽനോട്ടത്തിലാണ് 93കാരനായ വാജ്പേയുടെ ചികിത്സ നടക്കുന്നത്. അതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്ന വാർത്തകൾ എയിംസ് അധികൃതർ നിഷേധിച്ചു.