മെയ്ദിനത്തിലെ കലാപം : പാരീസിൽ 200ലേറെപ്പേർ അറസ്റ്റിൽ
പാരിസ് : ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ മെയ്ദിനത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 200ലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക് ബോക്സ് എന്ന സംഘടനയിൽപ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകൾ സംയുക്തമായി റാലി നടത്തിയത്. ആദ്യഘട്ടത്തിൽ സമാധാനപരമായി നടന്ന റാലി പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാർ കടകളുടെ ജനൽചില്ലുകൾ തകർക്കുകയും പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു.
ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖം മൂടി ധരിച്ചെത്തിയ ആളുകളാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് അധികൃതർ പറഞ്ഞു. പോലീസുകാരനുൾപ്പെടെ നാല് പേർക്ക് സംഘർഷങ്ങളിൽ പരിക്കുണ്ട്. സംഘർഷങ്ങളെ അപലപിച്ച് ആഭ്യന്തരമന്ത്രി രംഗത്തെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ റെയിൽവേ കന്പനി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ തൊഴിലാളി യൂണിയനുകൾ മൂന്ന് മാസം നീളുന്ന സമര പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധ റാലിയിൽ 55,000 ആളുകൾ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്.
മാർച്ചിനെ നേരിടാൻ 20,000 പോലീസിനെ വിന്യസിച്ചിരുന്നു.

