കൊ­റി­യൻ സമാ­ധാ­നകരാ­റി­നെ­ സ്വാ­ഗതം ചെ­യ്ത് നേ­താ­ക്കൾ


സോൾ : ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺജേ ഇന്നും ഇന്നലെ നടത്തിയ ഉച്ചകോടിയെ അമേരിക്കയും ചൈനയും റഷ്യയും ജപ്പാനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു.  ചരിത്രപരമായ ഈ കൂടിക്കാഴ്ച  സമാധാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പെന്ന് ഐക്യരാഷ്ട്രസഭാ തലവൻ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കൊറിയൻ യുദ്ധം അവസാനിച്ചെന്നായിരുന്നു കൂടിക്കാഴ്ചയെകുറിച്ചുള്ള  അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. നല്ലകാര്യങ്ങൾ സംഭവിക്കുന്നു. ഇത് നീണ്ടുനിൽക്കുമോ എന്നു കാലം വ്യക്തമാക്കും− ട്രംപ് ട്വീറ്റു ചെയ്തു. കൊറിയയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ യു.എസും ഇവിടത്തെ ജനങ്ങളും അഭിമാനം കൊള്ളുന്നുവെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് പറഞ്ഞു. സമാധാനനീക്കത്തിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗ് വഹിച്ച പങ്കിനെയും ട്രംപ് പ്രശംസിച്ചു.

സംഘർഷ ലഘൂകരണത്തിനുള്ള എല്ലാ നടപടികളും റഷ്യ സ്വാഗതം ചെയ്യുമെന്ന്  റഷ്യൻ വക്താവ് പെസ്കോവ് പറഞ്ഞു. ഇരുകൊറിയകളും തമ്മിൽ നേരിട്ടു ചർച്ച നടത്തണമെന്നു വ്ളാദിമിർ പുടിൻ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് വക്താവ് ചൂണ്ടിക്കാട്ടി.  ആണവനിരായുധീകരണം സംബന്ധിച്ച് ഉച്ചകോടിയിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിന് വേണ്ട നടപടികളെടുക്കാൻ ഉത്തര കൊറിയ തയാറാവണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസൺ പറഞ്ഞു. ഇപ്പോഴത്തെ മെച്ചപ്പെട്ട അന്തരീക്ഷം നിലനിർത്തി ആണവനിർവ്യാപന നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ബന്ധപ്പെട്ട എല്ലാവർക്കും കഴിയട്ടെയെന്ന് ചൈന പ്രത്യാശിച്ചു. 

നീണ്ട പത്ത് വർ‍ഷത്തിന്  ശേഷമുള്ള ഉത്തര ദക്ഷിണ കൊറിയൻ നേതാക്കളുടെ ചർ‍ച്ച മേഖലയിലെ സംഘർ‍ഷങ്ങൾ‍ അവസാനിപ്പിക്കുന്നതിൽ‍ നിർ‍ണായക ചുവടുവെപ്പാണ് നടത്തിയത്.  കിം ജോംഗ് ഉന്നും  മൂൺ ജേ ഇന്നും നടത്തിയ ചർച്ചയിൽ കൊറിയകൾ തമ്മിലുള്ള വെടിനിർത്തൽ കരാർ സമാധാന കരാറായി മാറ്റി യുദ്ധം അവസാനിപ്പിക്കാനും തീരുമാനമായി. ഉപദ്വീപിനെ അണ്വായുധ വിമുക്തമാക്കുക സംയുക്ത ലക്ഷ്യമായി നേതാക്കൾ പ്രഖ്യാപനത്തിൽ പറഞ്ഞു. ഇതിനായി ഉത്തരകൊറിയ തുടങ്ങിവച്ച കാര്യങ്ങൾ അർഥപൂർണവും നിർണായകവും ആണെന്നും തുടർചുമതലകൾ ഇരുകൂട്ടരും നിറവേറ്റുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ആണവശേഖരം ഇല്ലാതാക്കുന്നതിന് പകരം എന്താണ് ഉത്തര കൊറിയ ആവശ്യപ്പെടുന്നതെന്ന് പ്രഖ്യാപനത്തിൽ ഇല്ല. പരസ്പരം ഉച്ചഭാഷിണികളിലൂടെയും ലഘുലേഖകളിലൂടെയും നടത്തുന്ന പ്രചാരണയുദ്ധം ഇന്നലെത്തന്നെ അവസാനിപ്പിച്ചതായി നേതാക്കൾ പറഞ്ഞു. 

ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കില്ലെന്നു കിം പറഞ്ഞു. വടക്കും തെക്കുമുള്ള കൊറിയക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കിം അറിയിച്ചു. ഈ ദിവസത്തിനുവേണ്ടി നമ്മൾ ദീർഘകാലമായി കാത്തിരിക്കുകയാണ്. നമ്മൾ ഒരേ രക്തമാണ്. നമ്മൾ ഒരു രാജ്യമാണ്, ഒരു ജനതയാണ്, ശത്രുതയാൽ വേർപിരിയേണ്ടവരല്ല. പുതിയൊരു ഭാവിയിലേക്കുള്ള പുതിയ പാത ഇവിടെ തുറക്കുന്നുവെന്നും കിം പറഞ്ഞു.

അതേ സമയം ചർച്ചക്കെതിരെ ഇന്നലെ ഏകദേശം 300ലധികം പ്രതിഷേധക്കാർ കൊറിയൻ അതിർ‍ത്തിയിലേക്ക് റാലി നടത്തിയിരുന്നു. പ്ലക്കാർ‍ഡുകളും പോസ്റ്ററുകളും കൊറിയൻ നേതാക്കളുടെ ചിത്രങ്ങൾ‍ കത്തിച്ചുമാണ് ഇവർ‍ പ്രതിഷേധിച്ചത്. അതേസമയം സമ്മേളനത്തെ അനുകൂലിച്ച് 100ലധികം പേരും ഇവിടെ എത്തിയിരുന്നു. എല്ലാവരെയും ഒരുമിപ്പിക്കുന്ന പെനിസുലയുടെ പതാകൾ‍ ഉയർ‍ത്തിയാണ് ഇവർ‍ ചർ‍ച്ചയെ സ്വാഗതം ചെയ്തത്.

You might also like

Most Viewed