മല്യകേസ്: ഹർജി ജൂലൈ 11ന് പരിഗണിക്കും
ലണ്ടൻ : ബാങ്കുകൾക്ക് വായ്പാ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ വാദം പൂർത്തിയായി. കോടതിയിൽ സി.ബി.ഐ സമർപ്പിച്ച തെളിവുകൾ അംഗീകരിച്ചു. കേസിൽ എന്ന് വിധി പറയുമെന്ന് വരുന്ന ജൂലൈ 11ന് അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.
നിയമസംവിധാനങ്ങൾ മുഴുവൻ മറികടന്നാണ് ഇന്ത്യയിലെ ബാങ്കുകൾ വിജയ് മല്യയുടെ ഉടമസ്ഥയിലുള്ള കിങ്‌ഫിഷറിന് വായ്പകൾ അനുവദിച്ചതെന്ന് വെസ്റ്റമിനിസ്റ്റർ കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. വിജയ് മല്യക്ക് എതിരെ കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ ജൂലൈ പതിനൊന്നിന് മുന്പായി സർക്കാരിന് കോടതിയിൽ സമർപ്പിക്കാം. വാദം കേൽക്കാൻ കോടതിയിൽ എത്തിയ മല്യ വിചാരണ നടപടി എത്രയും വേഗം പൂർത്തികരിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ ജയിലുകളിൽ മല്യയുടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതായി അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് കൈമാറിയാൽ മല്യയെ തടവിൽ പാർപ്പിക്കുന്ന മുംബൈ ആർതർ റോഡ് ജയിൽ 12−ാം ബാരക്കിൽ ആവശ്യമായ വെളിച്ചവും വൈദ്യസഹായവും ലഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ അധികൃതർ കൂടുതൽ വിശദീകരണം നൽകുമെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സി.പി.എസ് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.