ശൈത്യകാല ഒളിന്പിക്സ് മാർച്ച് പാസ്റ്റിൽ ഇരുകൊറിയകളും ഒന്നിച്ച് പങ്കെടുത്തു
സോൾ : ദക്ഷിണ കൊറിയയിലെ പിയോങ്ചാങിൽ ആരംഭിച്ച ശൈത്യകാല ഒളിന്പിക്സിന്‍റെ മാർച്ച് പാസ്റ്റിൽ ഇരുകൊറിയകളുടെയും അത്‌ലറ്റുകൾ ഏകീകൃത പതാകയുടെ കീഴിൽ മാർച്ച് ചെയ്തു.
അതേസമയം ഉദ്ഘാടനത്തിനു മുന്പ് ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ ഇൻ നൽകിയ വിരുന്നു സൽക്കാരം അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ബഹിഷ്കരിച്ചു. വിരുന്നു നടക്കുന്ന ഹാളിലെത്തിയ പെൻസ് അതിഥികളുമായി അൽപം സംസാരിച്ച ശേഷം വിരുന്നിൽ പങ്കെടുക്കാതെ സ്ഥലം വിടുകയായിരുന്നു. ഉത്തരകൊറിയൻ രാഷ്‌ട്രത്തലവന്‍റെ പദവി വഹിക്കുന്ന കിം യോംഗ് നാമുമായി സംസാരിക്കുന്നത് ഒഴിവാക്കുകയായിരുന്നു പെൻസിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗിന്‍റെ സഹോദരി കിം യോ ജോംഗിനെ ദക്ഷിണകൊറിയൻ നേതാവ് മൂൺജേ ഇൻ ഹസ്തദാനം നൽകി സ്വീകരിച്ചു. ഉത്തരകൊറിയൻ ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള വനിതയാണു മുപ്പതുകാരിയായ യോജോംഗ്. 1953ൽ കൊറിയൻ യുദ്ധം അവസാനിച്ച ശേഷം ആദ്യമായാണു പ്യോംഗ്യാംഗിലെ ഭരണ കുടുംബത്തിലെ ഒരംഗം ദക്ഷിണകൊറിയയിൽ എത്തുന്നത്.
ശൈത്യകാല ഒളിന്പിക്സിലെ ഉത്തരകൊറിയൻ സാന്നിധ്യം സമാധാന ചർച്ചയ്ക്കു വഴിതെളിക്കുമെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ ഉത്തര കൊറിയൻ നേതാക്കളോടുള്ള പെൻസിന്‍റെ സമീപനം അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ഭിന്നതയുടെ ആഴം വെളിപ്പെടുത്തി.
ഈ മാസം 25നു സമാപിക്കുന്ന ശൈത്യകാല ഒളിന്പിക്സിൽ 92 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം അത്‌ലറ്റുകളാണു പങ്കെടുക്കുന്നത്. ഉത്തര കൊറിയയിൽ നിന്ന് 22 അത്‌ലറ്റുകൾ ഉൾപ്പെടെ 500 പേരുടെ സംഘമാണ് എത്തിയിട്ടുള്ളത്.




