കള്ളവാർത്തകളെ പ്രോത്സാഹിപ്പിക്കരുത് : ഫ്രാൻസിസ് മാർപ്പാപ്പ
വത്തിക്കാൻ സിറ്റി : കള്ളവാർത്തകളെയും അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നതിലും അപലപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മാധ്യമ പ്രവർത്തകരും സമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവരും ഈ പ്രവണതയിൽ നിന്ന് മാറി നിൽക്കണമെന്നും കള്ള വാർത്തകൾക്കു പിന്നിലെ രാഷ്ട്രീയവും സാന്പത്തികവുമായ താൽപര്യങ്ങളെ പുറത്തു കൊണ്ടുവരണമെന്നും മാർപ്പാപ്പ പറഞ്ഞു. ദ ട്രൂത്ത് വിൽ സെറ്റ് യു ഫ്രീ −ഫേക്ക് ന്യൂസ് ആൻഡ് ജേർണലിസം ഫോർ പീസ് എന്ന ലേഖനത്തിലാണ് മാർപ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് 13 ലോക സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡേയുടെ മുന്നോടിയായാണ് ദ ട്രൂത്ത് വിൽ സെറ്റ് യു ഫ്രീ −ഫേക്ക് ന്യൂസ് ആൻഡ് ജേർണലിസം ഫോർ പീസ് എന്ന രേഖ മാർപ്പാപ്പ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിൽ കള്ളവാർത്തകൾ എങ്ങനെ സ്വാധീനിച്ചെന്നതിനെ ചൊല്ലി സംവാദങ്ങൾ മുറുകുന്പോഴാണ് മാർപ്പാപ്പയുടെ ലേഖനം പുറത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആദ്യ പ്രതികരണമാണിത്. എന്നാൽ മാധ്യമപ്രവർത്തകരെ മൊത്തത്തിൽ മോശക്കാരായി ചിത്രീകരിക്കുകയായിരുന്നില്ല ഉദ്ദേശിച്ചതെന്നും വത്തിക്കാന്റെ ഔദ്യോഗിക വക്താവ് ഗെർഗ് ബുർക്കെ വ്യക്തമാക്കി.
വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നു. ആധികാരികമായ നിഷേധ പ്രസ്താവനകൾക്കു പോലും വ്യാജവാർത്തമൂലമുണ്ടാവുന്ന ദോഷം പരിഹരിക്കാനാവില്ല. പലരും തങ്ങളറിയാതെ തന്നെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഗണത്തിൽ അണിചേരുന്നു. വ്യാജവാർത്തകളുടെ പൊള്ളത്തരം തുറന്നു കാട്ടാനും ജനങ്ങളെ ബോധവത്കരിക്കാനും ജേർണലിസ്റ്റുകൾക്കു കടമയുണ്ട്. മാധ്യമ പ്രവർത്തനം വെറും ജോലിയല്ല ഒരു ദൗത്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു.
മാധ്യമ മേഖലയിലെ മൂല്യങ്ങൾ തിരിച്ചു കൊണ്ടുവരാൻ വേണ്ട സഹായങ്ങൾ നൽകേണ്ടത് തന്റെ ഉത്തരവാദിത്വമായാണ് പോപ്പ് കാണുന്നതെന്ന് റോമിലെ വാർത്ത ഏജൻസിയായ സെനിറ്റിന്റെ റിപ്പോർട്ടർ ഡെബോർഹ് കാസ്റ്റനല്ലോ ലുബോവും അഭിപ്രായപ്പെട്ടു.

