അമേരിക്കയുടെ തീവ്രവാദ പട്ടികയിൽ ഹാഫിസ് സെയീദില്ലെന്ന് പാകിസ്ഥാൻ

ഇസ്്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ജമാഅത്തു ദഅ്വയുടെ സ്ഥാപകനുമായ ഹാഫിസ് സെയീദിന്റെ പേര് അമേരിക്ക തങ്ങൾക്ക് കൈമാറിയ 75 തീവ്രവാദികളുടെ പട്ടികയിൽ ഇല്ലെന്ന് പാകിസ്ഥാൻ അറിയിച്ചു. പാക് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം അറിയിച്ചത്. വിവിധ ഭീകരക്കേസുകളിൽ പ്രതിയായ ഹാഫിസ് സെയീദ് ഇപ്പോൾ പാകിസ്ഥാനിൽ വീട്ടുതടങ്കലിലാണ്.
അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്റെ സന്ദർശനത്തിലാണ് ഭീകരവാദികളുടെ പട്ടിക പാകിസ്ഥാന് കൈമാറിയത്. ഈ പട്ടികയിൽ താലിബാൻ ഹഖാനി നെറ്റ്്വർക്ക് ഒന്നാം സ്ഥാനത്താണെന്നും എന്നാൽ പട്ടികയിൽ പാകിസ്ഥാനികൾ ആരുമില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. അഫ്ഗാൻ താലിബാനെ പാകിസ്ഥാൻ പിന്തുണക്കുന്നില്ല. അവരിൽ നിന്നും പാകിസ്ഥാൻ സഹായം സ്വീകരിക്കുന്നുമില്ല. മറ്റാരെങ്കിലുമാകാം അവർക്ക് ഇപ്പോൾ സാന്പത്തിക സഹായം നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഈ വർഷം ജനുവരി 31 മുതൽ ഹാഫിസ് സെയീദിനെയും നാല് അനുയായികളെയും സർക്കാർ വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയീദിനെ രാഷ്ട്രീയത്തിലിറക്കാൻ സൈന്യം പദ്ധതിയിടുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സെയീദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കൽ അവസാനിപ്പിക്കാനും നീക്കങ്ങൾ നടന്നു വരുന്നതായി റിപ്പോർട്ടുണ്ട്.