ഭീകരർക്ക് സഹായം ലഭിക്കുന്നത് പാക്കിസ്ഥാൻ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽനിന്ന്

ന്യൂഡൽഹി : കശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ അന്വേഷണങ്ങൾ നീളുന്നത് വിഘടനവാദി നേതാക്കളിലേക്കും. കഴിഞ്ഞ മാസം പിടിയിലായ വിഘടനവാദി നേതാവ് ഷാഹിദ് ഉൽ ഇസ്‍ലാമിന്റെ പക്കൽനിന്നും 150 ഭീകരരുടെ പേരടങ്ങിയ പട്ടിക ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കി.
1990ൽ ഭീകര പരിശീലനത്തിനായി പാക്ക് അധീനിവേശ കശ്മീരിലേക്കു പോയപ്പോൾ ഭീകര ലോഞ്ച് പാഡുകൾ കണ്ടിരുന്നതായി ഷാഹിദ് വ്യക്തമാക്കിയിട്ടുണ്ട്. പരിശീലനം നേടി തിരിച്ചെത്തിയ ഷാഹിദ് കുറച്ചുനാളുകൾക്കുശേഷം പൊലീസിനു കീഴടങ്ങി. പിന്നീട് ഹുറിയത്ത് കോൺഫറൻസുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു.
പാക്കിസ്ഥാനിൽനിന്നു മാത്രമല്ല, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽനിന്നും ഭീകരർക്ക് സഹായം ലഭിക്കാറുണ്ടെന്ന് ഷാഹിദ് മൊഴി നൽകിയതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. 150 ഭീകരരുടെ വിവരങ്ങളടങ്ങിയ പട്ടിക ലഭിച്ചത് കശ്മീരിലെ പ്രവർത്തനങ്ങൾ എത്രമാത്രം ആഴമേറിയതാണെന്നു തെളിയിക്കുന്നതാണ്.
പേര്, സ്ഥലം, എവിടെയാണ് പ്രവർത്തനം നടത്തേണ്ടത് തുടങ്ങിയ വിവരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ലഷ്കറെ തയിബ – 82, ഹിസ്ബുൽ മുജാഹിദ്ദീൻ – 64, ജയ്ഷെ മുഹമ്മദ് – 10, അൽ ബദർ – 2 എന്നിങ്ങനെയാണ് ഭീകരരുടെ സാന്നിധ്യമെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതുവരെ കിട്ടിയ തെളിവുകൾ പരിശോധിച്ചതിനുശേഷം സയീദ് അലി ഷാ ഗീലാനിയെയും മിർവായിസ് ഉമർ ഫറൂഖിനെ അറസ്റ്റു ചെയ്യുന്നതാണ് പരിഗണിക്കുന്നത്. ജൂലൈ അവസാനത്തോടെയാണ് ഭീകരവാദ വിരുദ്ധ ഏജൻസി ഷാഹിദിനെയും മറ്റു ചിലരെയും അറസ്റ്റു ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹിസ്ബുൽ മുജാഹിദ്ദീൻ മേധാവി സയീദ് സലാഹുദ്ദീന്റെ അടക്കമുള്ള ചിത്രങ്ങളും ഇവരിൽനിന്നു കണ്ടെത്തി. സലാഹുദ്ദീനും കൂട്ടാളികളും എകെ 47 റൈഫിളുമായി നിൽക്കുന്ന ചിത്രവും ഇതിൽ ഉൾപ്പെട്ടിരുന്നു.