പാക്ക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ ആറ് അണക്കെട്ടുകൾ നിർമിക്കുന്നു


ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീരിലെ സിന്ധു നദിയിൽ ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാൻ ആറ് അണക്കെട്ടുകൾ നിർമിക്കുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് രാജ്യസഭയിൽ വ്യക്തമാക്കി. ഇന്ത്യയുടെ പരാമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു വ്യക്തമാക്കി പാക്കിസ്ഥാനും ചൈനയ്ക്കും കത്തയച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

പാക്കിസ്ഥാൻ അനധികൃതമായി കയ്യേറിയ സ്ഥലമാണ് പാക്ക് അധിനിവേശ കശ്മീരെന്ന വ്യക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. പാക്കിസ്ഥാന്റെ ഈ നടപടി ഇന്ത്യയുടെ പരാമാധികാരത്തിലും പ്രാദേശിക നീതിക്കും മുകളിലുള്ള കടന്നുകയറ്റമാണ്. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയാണ് ഇരുരാജ്യങ്ങൾക്കു കത്തയച്ചിരിക്കുന്നത്. ഇതിൽനിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും സിങ് രാജ്യസഭയിൽ അറിയിച്ചു.

സിക്കിം അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷം അയവില്ലാതെ തുടരുന്നതിനിടയ്ക്കാണ് പാക്ക് അധിനിവേശ കശ്മീരിലെ അണക്കെട്ടു നിർമാണവും പുറത്തുവരുന്നത്. ഭൂട്ടാനും തങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെട്ടാൽ കശ്മീർ പ്രശ്നത്തിൽ ഇടപെടാൻ തങ്ങൾക്കും സാധിക്കുമെന്ന് ചൈന നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed