തരൂരിന്റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസാമിക്കും കോടതി നോട്ടീസ്

ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന കോൺഗ്രസ് എംപി ശശി തരൂരിന്റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നു ശശി തരൂര്‍ പ്രതികരിച്ചു. കേസ് തുടർവാദത്തിനായി ഓഗസ്റ്റ് 16ലേക്കു മാറ്റി.
മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദാണ് തരൂരിനു വേണ്ടി കോടതിയിൽ ഹാജരായത്. ചാനൽ റിപ്പോർട്ടുകളിൽ ‘കൊല്ലപ്പെട്ട സുനന്ദ പുഷ്കർ’ എന്ന പരാമർശം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അര്‍ണാബ് ഗോസ്വാമിക്കും ചാനലിനും നിർദ്ദേശം നൽകണമെന്നും തരൂരിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് റിപ്പോർട്ടുകളും തെളിവുകളും വച്ചാണ് റിപ്പോർട്ടുകൾ തയാറാക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമിക്കു വേണ്ടി ഹാജരായ സന്ദീപ് സേത്തി അറിയിച്ചു. റിപ്പോർട്ടുകളിൽ തരൂരിനെ കൊലപാതകിയെന്നു പരാമർശിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സുനന്ദയുടെ മരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ശശി തരൂർ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ കേസിലാണ് നടപടികൾ പുരോഗമിക്കുന്നത്.