ചൈനീസ് സേന ടിബറ്റിൽ 11 മണിക്കൂർ സൈനികാഭ്യാസം നടത്തിയതായി റിപ്പോർട്ട്
ബീജിംഗ് : ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് ടിബറ്റിൽ പീപ്പിൾ ലിബറേഷൻ ആർമിയുടെ സൈനികാഭ്യാസം. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ബ്രിഗേഡാണ് ടിബറ്റിൽ 11 മണിക്കൂർ നീണ്ട വെടിവയ്പ് ഉൾപ്പെടെയുള്ള സൈനികാഭ്യാസം നടത്തിയതെന്ന് ചൈനയുടെ ഔദ്യോഗികവാർത്താ മാധ്യമം വെളിപ്പെടുത്തി. ഇന്ത്യ-ഭൂട്ടാൻ -ചൈന അതിർത്തി മേഖലയായ ഡോങ്ലാങിൽ നിന്നു ഇന്ത്യൻ സൈന്യം അടിയന്തരമായി പിൻമാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സൈനികാഭ്യാസത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.
ബ്രഹ്മപുത്ര നന്ദിയുടെ ശാഖയായ ചൈനക്കാർ യർലുംഗ് സംഗ്ബോ എന്ന് വിളിക്കുന്ന നദിയുടെ കരയിലാണ് സൈനികാഭ്യാസം നടന്നിരിക്കുന്നത്. എന്നാൽ ഏത് ദിവസമാണ് സൈനികാഭ്യാസം നടന്നതെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ആഴ്ചയാണ് അഭ്യാസം നടതെന്നാണ് വാർത്താ മാധ്യമം പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളിൽ പറയുന്നത്. വെേസ്റ്റൺ തിയറ്റർ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം. സേനയെ സജ്ജരാക്കാനുള്ള പരിശീലനമാണ് നടന്നതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം മൂന്നിനും സമാനമായൊരു സൈനികാഭ്യാസം ഇവിടെ സൈന്യം നടത്തിയിരുന്നു. ചൈനയുടെ കൈവശമുള്ള ടൈപ്പ് 96 യുദ്ധടാങ്ക് ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.
ഭൂട്ടാനോടു ചേർന്നുള്ള ഡോങ്ലാങിൽ ചൈനീസ് പട്ടാളം നടത്തുന്ന റോഡ് നിർമ്‍മാണം ഇന്ത്യ തടഞ്ഞതാണു പ്രശ്നകാരണം. ഇന്ത്യൻ സൈന്യം അതിർത്തിലംഘനം നടത്തിയെന്നാണു ചൈന ആരോപിക്കുന്നത്. പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ചൈന അവകാശവാദങ്ങൾ വ്യത്യസ്തമായ തലത്തിലേക്കു വ്യാപിപ്പിച്ച് നിലപാട് കടുപ്പിക്കുന്നത്.

