അമേരിക്കയിൽനിന്നും ഇന്ത്യ പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങും : ഒപ്പിട്ടത് 20,100 കോടി രൂപയുടെ കരാർ


വാഷിംഗ്‌ടൺ : ഇന്ത്യൻ പ്രധിരോധ മേഖല കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി പോർവിമാനങ്ങളും പ്രതിരോധ മിസൈലുകളും സ്വന്തമാക്കുന്നതോടൊപ്പം അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കൻ ആളില്ലാ വിമാനം, പ്രെഡേറ്റർ വാങ്ങാനും തീരുമാനമായി.

ഏകദേശം 20,100 കോടി രൂപക്ക് 22 പ്രെഡേറ്റർ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് പ്രെഡേറ്റർ വിൽപന കരാറിൽ ധാരണയായത്. നാറ്റോ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇത് ആദ്യമായാണ് പ്രെഡേറ്റർ ഡ്രോൺ അമേരിക്ക നൽകാൻ തയാറാകുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് പ്രെഡേറ്റർ ഇന്ത്യയ്ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്.

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ് പ്രെഡേറ്റർ ‍ഡ്രോൺ. ജനറൽ അറ്റോമിക്സാണ് ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള എംക്യു–9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകൾ നിര്‍മിക്കുന്നത്. താലിബാനെതിരെയും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

പ്രെഡേറ്റർ ഡ്രോണുകൾക്ക് ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന പ്രെഡേറ്റർ ഡ്രോണുകളിൽ 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും. അമേരിക്കൻ സേനയ്ക്ക് വേണ്ടി ജനറൽ ആറ്റോമിക്സ് ഏറോനോട്ടിക്കൽ സിസ്റ്റംസാണ് ഈ ആളില്ലാ വിമാനം നിർമ്മിച്ചത്. ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് എയർഫോഴ്സുകൾ പ്രെഡേറ്റർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed