പരിശീലക സ്ഥാനത്തേക്കു തിരിച്ചുവരവിനൊരുങ്ങി രവി ശാസ്ത്രി

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കു തിരിച്ചുവരവിനൊരുങ്ങി രവി ശാസ്ത്രി. അനിൽ കുംബ്ലെ പടിയിറങ്ങിയ സാഹചര്യത്തിൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ശാസ്ത്രി തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത മാസം ഒൻപതു വരെ നീട്ടിയിരുന്നു.
തന്നെ അംഗീകരിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ അപേക്ഷ അയയ്ക്കൂവെന്നു ശാസ്ത്രി നേരത്തേ ബിസിസിഐ ഉന്നതരെ അറിയിച്ചിരുന്നു. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരുൾപ്പെട്ട ബിസിസിഐ ഉപദേശക സമിതി ശാസ്ത്രിയെ നീക്കിയാണു കഴിഞ്ഞ വർഷം കുംബ്ലെയെ പരിശീലകനാക്കിയത്. നായകൻ വിരാട് കോഹ്‍ലിയുമായുള്ള ഊഷ്മള ബന്ധം ശാസ്ത്രിക്കു നേട്ടമാകും.
ശാസ്ത്രി കൂടി അപേക്ഷ അയച്ചാൽ, പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകരുടെ എണ്ണം ആറാകും. മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്, മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി, മുൻ പാക്ക് ടീം കോച്ച് ഇംഗ്ലണ്ടുകാരനായ റിച്ചാർഡ് പൈബസ്, മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ ഡോഡ ഗണേഷ്, മുൻ ഇന്ത്യ എ ടീം കോച്ച് ലാൽചന്ദ് രജ്പുത്ത് എന്നിവരാണ് അപേക്ഷ സമർപ്പിച്ചവർ.