വെനസ്വേല സുപ്രീം കോടതിക്കുനേരെ ഭീകരാക്രമണം

കറാക്കസ് : വെനസ്വേലയിലെ സുപ്രീം കോടതിക്കുനേരെ ഭീകരാക്രമണം. ഹെലിക്കോപ്റ്ററിൽ എത്തിയ സംഘമാണ് കോടതി സമുച്ചയത്തിനുനേരെ വെടിവയ്‌പ്പ് നടത്തിയതെന്നു പ്രസിഡന്റ് നിക്കോളസ് മഡുറോ വ്യക്തമാക്കി. ചൊവ്വാ വൈകുന്നേരത്തോടെ നടന്ന സംഭവം ഭീകരാക്രമണമാണെന്ന് മഡുറോ സ്ഥിരീകരിച്ചു.
ഭീകരർ വലിച്ചെറിഞ്ഞ ഗ്രനേഡുകൾ പൊട്ടിയില്ലെന്ന് മഡുറോ വ്യക്തമാക്കി. ഭീകരവാദികൾക്കായി സൈന്യം തിരച്ചിൽ നടത്തുകയാണെന്നും ഔദ്യോഗിക ടിവിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വെനസ്വേലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഹെലിക്കോപ്റ്റർ പറത്തിയതെന്നും ഇയാൾ രക്ഷപ്പെട്ടെന്നും സംശയിക്കുന്നു.
മാസങ്ങളായി മഡുറോ സർക്കാർ ജനപ്രതിഷേധം നേരിടുകയാണ്. വെനസ്വേല രാഷ്ട്രീയമായും സാമ്പത്തികമായും പ്രശ്നങ്ങൾ നേരിടുകയാണ്. മഡുറോയ്ക്ക് അധികാരത്തിൽ തുടരുന്നതിനു സഹായകരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുവെന്നതിന്റെ പേരിൽ സുപ്രീം കോടതിക്കെതിരെ പ്രതിപക്ഷം നിശിത വിമർശനമാണ് നടത്തുന്നത്.