ലോക്നാഥ് ബെഹ്‌റയെ വീണ്ടും ഡിജിപിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം : ലോക്നാഥ് ബെഹ്‌റയെ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഡിജിപി ടി.പി.സെൻകുമാർ വെള്ളിയാഴ്ച സർവീസിൽനിന്നു വിരമിക്കും. 55 ദിവസങ്ങൾക്കുശേഷമാണ് ബെഹ്‌റ പൊലീസ് മേധാവി സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്.
സർക്കാരിനു നന്ദി പറഞ്ഞ ബെഹ്‌റ, വിവാദങ്ങൾ തന്നെ അലട്ടുനിന്നില്ലെന്നും കൂട്ടിച്ചേർത്തു. പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിജിലൻസ് ഡയറക്ടറായ ബെഹ്‌റയെ ഡിജിപിയായി നിയമിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സമിതി ശുപാർശ ചെയ്തിരുന്നു.
സുപ്രീം കോടതി വിധിയെത്തുടർന്നു ടി.പി. സെൻകുമാർ പൊലീസ് മേധാവിയായി നിയമിതനായതിനെത്തുടർന്നാണു ഡിജിപിയായിരുന്ന ബെഹ്‌റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. രണ്ടര മാസത്തെ അവധിക്കുശേഷം ഐഎംജി ഡയറക്ടർ ജനറലായി നിയമിതനായ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണു സെൻകുമാർ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ.