അന്യഗ്രഹ ജീവികൾ ഉണ്ടെന്നതിന് തെളിവില്ലെന്ന് നാസ

വാഷിംഗ്‌ടൺ : അന്യഗ്രഹ ജീവികളെക്കുറിച്ച് പുതിയതായി വെളിപ്പെടുത്തലുകളൊന്നും പുറത്തു വിടാനില്ലെന്നും അന്യഗ്രഹ ജീവികൾ ഉണ്ട് എന്നതിന് ഇതുവരെ തെളിവുകളെന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കി.
അന്യഗ്രഹ ജീവികൾ ഉണ്ടെന്നതിന് നാസയ്ക്ക് തെളിവു ലഭിച്ചെന്നും അവ നാസ ഉടൻ പുറത്തു വിടുമെന്നുമുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിതിനെെത്തുടർന്നാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയത്.
ഭൂമിക്ക് വെളിയിൽ ജീവനുണ്ടെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അത്തരം കണ്ടെത്തലുകൾക്കായുള്ള പരിശ്രമങ്ങൾ തുടരുകയാണ്. നാസ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ തോമസ് സർബുക്കെൻ ട്വീറ്ററിലൂടെ അറിയിച്ചു.
നാസയുടെ കന്പ്യൂട്ടറുകളിൽ നിന്ന് ഹാക്കർമാർ ചോർത്തിയ അന്യഗ്രഹ ജീവികളുടെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഏകദേശം 12 മിനിട്ട് നീണ്ടുനിൽക്കുന്ന ഈ വീഡിയോ കോടിക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്.