നാഥുലാ ചുരം അടയ്ക്കുമെന്ന് ചൈനയുടെ ഭീഷണി

ബീജിങ് : ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചെന്നും എത്രയും പെട്ടന്ന് പിന്‍മാറിയില്ലെങ്കിൽ കൈലാസ് മാനസരോവർ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നന്നേക്കുമായി അടക്കുമെന്നും ചൈന. സിക്കിം സെക്ടറിൽ ഇന്ത്യൻ അതിർത്തി സംരക്ഷണ സേന തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്നാണ് ചൈന ആരോപിക്കുന്നത്. വിഷയം ഇന്ത്യയോട് നയതന്ത്രപരമായി ഉന്നയിച്ചിട്ടുണ്ടെന്നും നിലപാട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യ സൈന്യത്തെ അതിർത്തിയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കടന്നുകയറ്റം ശ്രദ്ധയിൽ പെട്ടതോടെ ചൈനീസ് സൈന്യം തടയാൻ ആവശ്യമായ നടപടികൾ എടുത്തുവെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ തീർത്ഥാടകർ ടിബറ്റിലേക്ക് പ്രവേശിക്കുന്നത് ചൈന തടഞ്ഞിരിക്കുകയാണ്. സിക്കിം അതിർത്തിയിൽ ഇന്ത്യ− ചൈന സൈന്യങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് ചൈനയുടെ വിശദീകരണം. എന്നാൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് ഇന്ത്യൻ ബങ്കറുകൾ തകർക്കുകയായിരുന്നുവെന്നാണ് ഇന്ത്യ പുറത്തുവിട്ട വിവരം.