ത്രി­ല്ലർ മൂഡുള്ള ഒരു സി­നി­മാ­ക്കാ­രൻ...


 

ധനേഷ് പത്മ

ദ് റിലീസായി പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം ഒരു സിനിമാക്കാരൻ സിനിമക്കുള്ളിൽ തന്നെ ത്രില്ലറും മികച്ചൊരു സസ്പെൻസും നിറഞ്ഞ ചിത്രമാണ്. ട്രെയിലറിൽ നിന്ന് ഏറെ വിഭിന്നമായാണ് സിനിമയുടെ സഞ്ചാരം. റിലീസിന് മുന്നെ സിനിമയുടെ സ്വഭാവം വെളിപ്പെടുത്തേണ്ടെന്ന് കരുതി അണിയറക്കാർ മനപ്പൂർവ്വം ഒളിച്ചുവെച്ച സസ്പെൻസ്-ത്രില്ലർ മൂഡ് അതുകൊണ്ട് തന്നെ മുൻവിധികളില്ലാതെ ചിത്രത്തെ സമീപിക്കുന്പോൾ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയേക്കും. സിനിമാ സംവിധായകനാകാൻ ഏറെ കഷ്ടപ്പെട്ട് നടക്കുന്ന ആൽബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമാക്കാരനാകാനുള്ള ആൽബിയുടെ പ്രയത്നവും അതിനടയിലുണ്ടാകുന്ന പ്രണയവും ശേഷമുള്ള വിവാഹവും കഷ്ടപ്പാടുകളുമെല്ലാം മുന്പു കണ്ട് പരിചയമുള്ള കഥാപശ്ചാത്തലങ്ങളാണ്. പക്ഷെ ആദ്യ പകുതി റൊമാൻസും തമാശകളും കൊണ്ട് അവസാനിക്കുന്പോൾ രണ്ടാം പകുതി ചിത്രത്തിന്റെ ഗതി മാറ്റുന്നു. സംവിധായകൻ ലിയോ തദേവൂസ് ഇത്തരത്തിൽ ആദ്യ പകുതിയിൽ നിന്നും രണ്ടാപകുതിയിലേയ്ക്ക് സിനിമയുടെ സ്വാഭാവം മാറ്റാൻ കാണിച്ച ധൈര്യം പ്രശംസനീയമാണ്. അബദ്ധത്തിൽ ചെന്നു ചാടുന്ന കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ നായകൻ നടത്തുന്ന ശ്രമങ്ങളാണ് രണ്ടാം പകുതിയിൽ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ആൽബിയായി വിനീത് ശ്രീനിവാസനും ആൽവിയുടെ ഭാര്യ സൈറയായി രജിഷ വിജയനും വേഷമിട്ടിരിക്കുന്നു. നായികാ പ്രധാന്യം ചിത്രത്തിലില്ലെങ്കിലും രജിഷ തന്റെ കഥാപാത്രത്തെ കയ്യടക്കത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. വിജയ് ബാബുവും അനുശ്രീയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

വിനീത് അഭിനയം കൊണ്ട് ഏറെയൊന്നും വിസ്മയിപ്പിച്ചിട്ടില്ലെങ്കിലും പക്ഷെ, ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കഥാപാത്രത്തെ കൊണ്ടുപോകുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തിയ ഹരീഷ്, രഞ്ജിപണിക്കർ, ലാൽ, ജോബി, ശശി കലിംഗ, ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരെല്ലാം അവരവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി. 

രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നത് പ്രശാന്ത് നാരായണൻ കൈകാര്യം ചെയ്ത പോലീസ് കഥാപാത്രമാണ്. ഹിന്ദിയും തമിഴും മലയാളവും കലർന്ന സംഭാഷണത്തിലൂടെ പ്രശാന്ത് തന്റെ വേഷം ഗംഭീരമാക്കി. തോമസ് പണിക്കർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് സുധീർ സുരേന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകർന്നിരിക്കുന്നു. മികച്ചൊരു സസ്പെൻസിൽ അവസാനിക്കുന്ന ചിത്രം ഒരിക്കലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed