വന്യജീവികളെ വീട്ടിൽ വളർത്തിയ അമേരിക്കൻ വനിത അറസ്റ്റിൽ
ന്യൂയോർക്ക് : വന്യജീവികളെ വീട്ടിൽ വളർത്തിയ ട്രിഷ മെയെർ എന്ന അമേരിക്കൻ വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. 34കാരിയായ ഇവർ കടുവ, പുലി, കുറുക്കൻ, കുരങ്ങ് തുടങ്ങിയ വന്യ ജീവികളെയാണ് ഹൂസ്റ്റണിലെ വസതിയിൽ വളർത്തിയിരുന്നത്. 14 വയസുകാരിയായ മകൾക്കൊപ്പം താമസിക്കുന്ന വീട്ടിലാണ് വന്യമൃഗങ്ങളെ വളർത്തിയിരുന്നത്. ഇവർക്കെതിരെ ഒരുമാസത്തിലേറെയായി നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
പിന്നീടുള്ള അന്വേഷണത്തിൽ കടുവയെ വളർത്താനുള്ള അനുമതി ഇവർക്കുണ്ടന്നു തെളിഞ്ഞു. പക്ഷേ മറ്റു മൃഗങ്ങളെ ഇവർ വളർത്തിയിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നും അതിനാലാണ് അറസ്റ്റ് എന്നുമാണ് വിവരം. പൂച്ചക്കുട്ടിയെ വിൽക്കാനുണ്ടെന്നു പറഞ്ഞ് പണം വാങ്ങിയതിനു ശേഷം കബളിപ്പിച്ചെന്ന പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. എന്നാൽ താൻ മൃഗങ്ങളെ പൂട്ടിയിടാറില്ലെന്നു പുറത്തേക്ക് പോകുമ്പോൾ കടുവയെ മാത്രമാണ് കൂട്ടിലാക്കാറുള്ളതെന്നും ഇവർ പോലീസിനെ അറിയിച്ചു.

