അമേരിക്കൻ ബുള്‍ഡോഗിന്റെ ആക്രമണത്തില്‍ പെൺകുട്ടിയ്ക്ക് ഗുരുതര പരുക്ക്

ലണ്ടൻ : ഇംഗ്ലണ്ടിലെ ഗേറ്റ്‌സ്‌ഹെഡില്‍ അമേരിക്കന്‍ ബുള്‍ഡോഗ് ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതര പരുക്കേറ്റു.
ശനിയാഴ്ച വൈകീട്ടോടെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണ് ജെസീക്ക ആര്‍ക്കിൾ എന്ന പെണ്‍കുട്ടി. ജെസീക്ക വീട്ടിലെത്തിയപ്പോള്‍ സുഹൃത്തും മറ്റാരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയം സുഹൃത്തിന്റെ വളര്‍ത്തുനായ അമേരിക്കന്‍ ബുള്‍ഡോഗിനെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. സുഹൃത്തിനെ കാത്ത് വീടിന്റെ മുന്‍വശത്തുള്ള പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ജെസീക്കയെ നായ ആക്രമിക്കുകയായിരുന്നു. പലവിധത്തിലും നായയെ ചെറുക്കാന്‍ ജെസീക്ക നോക്കിയെങ്കിലും ഫലമുണ്ടായില്ല. നായയുടെ ആക്രമണത്തില്‍ ജെസീക്കയുടെ കൈയിലെ കുറേ അധികം തൊലിപോകുകയും, കൈവിരലിലെ എല്ലുകള്‍ തകരുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞ് പെണ്‍കുട്ടിയുടെ സുഹൃത്തെത്തിയാണ് നായയെ പിടിച്ചുകെട്ടിയത്. ഇപ്പോൾ ഗേറ്റ്‌ഹെഡ്ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ജെസീക്ക.
വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ നായ അക്രമാസക്തമായിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നായയെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
അമേരിക്കന്‍ ബുള്‍ഡോഗിന്റെ അക്രമ സ്വഭാവം കണക്കിലെടുത്ത് ഇതിനെ വീട്ടില്‍ വളര്‍ത്തുന്നതിന് വിലക്കുണ്ട്. എന്നാല്‍ വിലക്ക് മറികടന്ന് നിരവധിപേര്‍ ഇതിനെ വീടുകളില്‍ വളര്‍ത്തുന്നുണ്ട്.