മധുവിധു ആഘോഷത്തിനെത്തിയ നവദമ്പതികളുടെ മുറിയില്‍ പുള്ളിപ്പുലി

നൈനിറ്റാള്‍: മധുവിധു ആഘോഷിക്കാനെത്തിയ നവദമ്പതികളുടെ മുറിയില്‍ പുള്ളിപ്പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. നൈനിറ്റാളിള്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മീററ്റ് സ്വദേശിയായ സുമിത് എന്നയാളുടെ മുറിയിലാണ് പുള്ളിപ്പുലി എത്തിയത്. സംഭവത്തെക്കുറിച്ച് സുമിത് പറയുന്നു: പുലര്‍ച്ചെ 4.45ഓടെ ജനലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഏഴുന്നേറ്റു നോക്കിയപ്പോള്‍ മുറിയില്‍ പുലിയെ കണ്ടു. തുടര്‍ന്ന് ഞാനും ഭാര്യയും പുതപ്പ് എടുത്ത് പുതച്ച് കിടന്നു. ശബ്ദമൊന്നും കേള്‍ക്കാത്തത് കൊണ്ട് പുലി ബാത്ത് റൂമിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ അവസരം മുതലാക്കി പുലിയെ അതിനുള്ളില്‍ പൂട്ടിയിടുകയായിരുന്നെന്നും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നെന്നും സുമിത് പറഞ്ഞു.
ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പുലിയെ പിടിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ ഇതിനുമുമ്പുതന്നെ ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ പുലി രക്ഷപ്പെട്ടിരുന്നു. കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനായാണ് പുലി ഹോട്ടല്‍ മുറിയില്‍ അഭയം തേടിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. പുലിയെ പിടിക്കാന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അത് രക്ഷപ്പെടുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.