ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്നവർ ജാഗ്രതൈ: ടാഗ് ചെയ്ത യുവതിക്ക് തടവുശിക്ഷ

ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്താല്‍ തടവു ശിക്ഷയെന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെട്ടേക്കാം പക്ഷെ ഇത് സത്യമാണ്. ന്യൂയോര്‍ക്കിലാണ് സംഭവം നടന്നത്. ഭര്‍ത്യസഹോദരിയെ ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്തതിനാണ് യുവതിക്ക് ഒരു വര്‍ഷം തടവുശിക്ഷ ലഭിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിനിയായ മരിയ ഗോന്‍സാലെസ് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നിയമപ്രകാരം ഭര്‍തൃസഹോദരിയായ മാരിബെലിനെ ബന്ധപ്പെടുന്നതിന് മരിയയ്ക്ക് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് ഫെയ്‌സ്ബുക്ക് ഫോട്ടോയില്‍ 'സ്റ്റുപ്പിഡ്' എന്ന അടിക്കുറിപ്പോടെയാണ് മാരിബെലിനെ ടാഗ് ചെയ്തത്. ഇത് ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷനായി പരിഗണിക്കാമെന്ന് വിലയിരുത്തിയാണ് കോടതി നടപടി സ്വീകരിച്ചത്. അതേസമയം പ്രൊട്ടക്ഷന്‍ ഓര്‍ഡറില്‍ ഫെയ്‌സ്ബുക്ക് കമ്മ്യൂണിക്കേഷനെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടില്ലെന്ന് മരിയയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം തള്ളിയാണ് ഇവരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ മറ്റേതെങ്കിലും മാധ്യമങ്ങള്‍ മുഖേനയോ ഉള്ള കമ്മ്യുണിക്കേഷന്‍ എന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡറില്‍ പറഞ്ഞിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.