എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ അന്തരിച്ചു


എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് വൈറോളജിസ്റ്റ് ലൂക്ക് മൊണ്ടെയ്നർ അന്തരിച്ചു. 90 വയസ്സായിരുന്നു. പാരീസിലെ അമേരിക്കൻ ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. എയ്ഡ്സിന് കാരണമാകുന്ന ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസിനെ(എച്ച്.ഐ.വി.) മൊണ്ടെയ്നറുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് 1983ൽ കണ്ടെത്തിയത്. ഈ നേട്ടത്തിന് സഹപ്രവർത്തകൻ ഫ്രാങ്കോയിസ് ബാരെ സിനോസിക്കൊപ്പം 2008ലെ വൈദ്യശാസ്ത്ര നോബൽ പുരസ്ക്കാരം മൊണ്ടെയ്നർക്ക് നേടിക്കൊടുത്തു.

1932ൽ മധ്യ ഫ്രാൻസിലെ ചബ്രിസിലാണ് മൊണ്ടെയ്നറുടെ ജനനം. പാരീസിൽ നിന്നും വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മോളിക്യൂലാർ ബയോളജിയിൽ ഉപരിപഠനം നടത്തുകയായിരുന്നു. ആ താത്പര്യമാണ് അദ്ദേഹത്തെ മികച്ച ഒരു വൈറോളജിസ്റ്റാക്കി മാറ്റിയത്.

1960ൽ അദ്ദേഹം നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിൽ ചേർന്നു. തുടർന്ന് 1972ൽ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി വകുപ്പിന്റെ തലവനായി. പിന്നീട് എമിരിറ്റസ് പ്രൊഫസറുമായി. പിൽക്കാലത്ത് ഫ്രാൻസിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സി.എൻ.ആർ.എസിന്റെ എമിരിറ്റസ് റിസർച്ച് ഡയറക്ടറായി. ഫ്രാൻസിന്റെ ഉയർന്ന ബഹുമതിയായ ലീജിയൻ ഓഫ് ഓണർ പുരസ്ക്കാരവും മൊണ്ടെയ്നർ നേടിയിട്ടുണ്ട്.

1982 മുതലാണ് മൊണ്ടെയ്നർ എയ്ഡ്സ് സംബന്ധിച്ച പഠനത്തിലേക്ക് എത്തുന്നത്. വൈറസ് പോലെ ഒരു ട്രാൻസ്മിഷൻ ഏജന്റിൽ നിന്നാകാം രോഗത്തിന്റെ ഉത്ഭവം എന്ന് തോന്നിയതിന്റെ പിന്നാലെയുള്ള ഗവേഷണമാണ് എച്ച്.ഐ.വി. എയ്ഡ്സ് എന്ന മാരക രോഗത്തെക്കുറിച്ചുള്ള അറിവ് നൽകിയത് എന്ന് അദ്ദേഹം ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്.

മൊണ്ടെയ്നർ വൈറസിനെ കണ്ടെത്തിയ അതേസമയത്ത് അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഗാലോയും ഇതേ കണ്ടുപിടുത്തം നടത്തിയതായി അവകാശവാദമുന്നയിച്ചിരുന്നു. അവസാനം 1987ൽ എയ്ഡ്സ് ടെസ്റ്റിന്റെ പേറ്റന്റിന്റെ കാര്യത്തിൽ ഇരു രാജ്യങ്ങളും ഒത്തുതീർപ്പിലെത്തുകയായിരുന്നു. ഇതുപ്രകാരം വൈറസിനെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് മൊണ്ടെയ്നറിനും എയ്ഡ്സിന്റെ ആദ്യത്തെ ടെസ്റ്റിന്റെ ഉപജ്ഞാതാവിനുള്ള ക്രെഡിറ്റ് ഗാലോയ്ക്കും നൽകി.

You might also like

Most Viewed