കേരളത്തിൽ പ്രതിദിനം അരലക്ഷം കൊവിഡ് ബാധിതരുണ്ടായേക്കും

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളിൽ രോഗബാധ ഏറ്റവും ഉയർന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വർദ്‍ധനവുണ്ട്. 15ന് ദുരന്ത നിവാരണ വകുപ്പ് നൽകിയ അനുമാന റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ജനുവരി 27ാം തിയതിയോടെ പ്രതിദിന രോഗബാധ മുപ്പതിനായിരം കടക്കും.ഫെബ്രുവരി രണ്ടാം വാരത്തോടെ കണക്കുകൾ ഏറ്റവും ഉയർന്ന നിരക്കിലെത്തും. 100 പേരിൽ കൊവിഡ് പരിശോധന നടത്തിയാൽ അതിൽ 75 പേർ പോസിറ്റീവാവുമെന്നാണ് നിഗമനം. മാർച്ച് മാസത്തോടെ രോഗ ബാധ കുറഞ്ഞു തുടങ്ങും.
കണക്കുകൾ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്ഷൻ റിപ്പോർട്ട് ഇന്ന് ലഭിക്കും. നിലവിൽ 722 പേർ ഐസിയുകളിലും 169 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലാണ്. രോഗ വ്യാപനം കൂടിയാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇനിയും ഉയരും. തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് കിടക്കകൾ കിട്ടാനില്ല. ആശുപത്രികളിലെത്തുന്നവർ ലക്ഷണങ്ങളുണ്ടെങ്കിൽ ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.