ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി പാരസെറ്റമോൾ കിട്ടില്ല


കോഴിക്കോട്: സംസ്ഥാനത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വിൽപനയ്ക്കു മൂക്കുകയറിട്ട് ഡ്രഗ് കണ്‍ട്രോൾ‍ വിഭാഗം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ ഇനി മെഡിക്കൽ സ്റ്റോറുകൾ വിൽക്കരുതെന്നാണ് നിർദേശം. ജനകീയ മെഡിസിനായ പാരസെറ്റാമോൾ‍ ഉൾ‍പ്പെടെ ഡോക്ടർ‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങൾ‍ക്കുള്ള മരുന്നുകൾ‍ നൽ‍കരുതെന്നു ഡ്രഗ് കണ്‍ട്രോൾ‍ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽ‍കിയത്. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിർ‍ദേശങ്ങൾ‍ നൽ‍കിയിരുന്നെങ്കിലും പിന്നീടു പരിശോധനകൾ‍ കുറഞ്ഞു. കോവിഡ് വീണ്ടും പടർ‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കൽ‍ സ്റ്റോറുകളിൽ‍ പരിശോധന കർ‍ശനമാക്കാന്‍ ഡ്രഗ് കണ്‍ട്രോൾ‍ വിഭാഗം തീരുമാനിച്ചത്. 

പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്‍റെ പ്രധാന ലക്ഷണം. കോവിഡ് ഉള്ളവർ‍ പനിയാണെന്നു കരുതി പാരസെറ്റമോൾ‍ ഉൾ‍പ്പെടെയുള്ള മരുന്നുകൾ‍ കഴിക്കുകയും ശരീരോഷ്മാവ് കുറയുന്പോൾ‍ പുറത്തിറങ്ങി നടക്കുകയും ചെയ്യും. ഇത്തരത്തിൽ‍ പുറത്തിറങ്ങുന്നവർ‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധർ‍ പറയുന്നു. അതേസമയം, കോവിഡ് ഭീതിയെ തുടർന്നു പലരും പനി, ചുമ തുടങ്ങി ചെറിയ അസുഖങ്ങൾ‍ക്ക് ആശുപത്രികളിലേക്കു പോയാലും രോഗം പടരാനുള്ള സാധ്യതയുണ്ട്. ഈ ഘട്ടത്തിലാണ് പലരും മെഡിക്കൽ‍ സ്റ്റോറുകളിൽ‍ അഭയം പ്രാപിക്കുന്നത്. നിയന്ത്രണം കടുപ്പിക്കുന്നതോടെ മരുന്നുകൾ‍ ലഭിക്കാതെ വരികയും ആശുപത്രികളിൽ‍ പോകേണ്ടതായും വരുമെന്ന ആശങ്കയിലാണ് സാധാരണക്കാർ‍. സിഎച്ച്‌സി ഉൾ‍പ്പെടെ സർ‍ക്കാർ‍ ആശുപത്രികളിൽ‍ വാക്‌സിനേഷനുള്ള ആളുകൾ‍ കൂടി നിറയുന്നതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പാരസെറ്റമോൾ വാങ്ങാൻ ഉൾപ്പെടെ ഡോക്ടറുടെ കുറിപ്പടി വേണമെന്നത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed