പത്ത് മടങ്ങ് ശക്തി കൂടുതലുള്ള പുതിയ കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തി
കൊറോണ വൈറസ് നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ പത്ത് മടങ്ങ് കൂടുതൽ ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
നിലവിലെ സാഹചര്യത്തിൽ ഏറെ ആശങ്കയുണ്ടാക്കുന്ന വാർത്ത തന്നെയാണിത്. നേരത്തേ ചില രാജ്യങ്ങളിൽ ‘D614G’ എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിൽ പെടുന്ന വൈറസിനെ തന്നെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലും കണ്ടെത്തിയിരിക്കുന്നത്.
മലേഷ്യയിൽ ആരോഗ്യവകുപ്പ് മേധാവിയായ നൂർ ഹിഷാം അബ്ദുള്ള നേരിട്ട് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 45 കേസുകളിൽ മൂന്ന് കേസുകളിലാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
രോഗത്തിന്റെ തീവ്രത മാത്രമല്ല മറ്റുള്ളവരിലേക്ക് പടർന്നുപിടിക്കുന്നതിന്റെ വേഗതയും വർദ്‍ധിപ്പിക്കാൻ പുതിയ കൊറോണ വൈറസിന് ആവുമെന്നാണ് പ്രമുഖ സാംക്രമികരോഗ വിദഗ്ധനും യുഎസിലെ വൈറ്റ് ഹൗസ്− കൊറോണ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. ആന്റണി ഫൗച്ചി ചൂണ്ടിക്കാട്ടുന്നത്. ജനങ്ങൾ ഇതിനെതിരെ കൂടുതൽ ജാഗരൂകരാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന വാക്‌സിനുകൾക്കോ, പരീക്ഷണഘട്ടത്തിലിരിക്കുന്ന വാക്‌സിനുകൾക്കോ പുതിയ വൈറസിനെ ചെറുക്കാനാകില്ലെന്ന വാദവും ഇതോടൊപ്പം ശക്തമാകുന്നുണ്ട്. അത്തരത്തിൽ പുതിയ മാറ്റങ്ങൾക്ക് വൈറസ് വിധേയമായിക്കൊണ്ടിരിക്കുന്നത് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

