കോവിഡ് വാക്സിന്റെ 50 ശതമാനം ഇന്ത്യയിൽ സൗജന്യമായി വിതരണം ചെയ്യും; അദര്‍ പൂനാവല്ല


കോവിഡ് 19 നെതിരെ ഓക്‌സ്‌ഫേഡ് സര്‍വകലാശാല വികസിപ്പിക്കുന്ന മരുന്ന് അംഗീകരിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള അനുമതിക്കായി ശ്രമിക്കുകയാണ് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് ഉത്പാദകരാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോക പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റാണ് ഓക്‌സ്‌ഫേഡ് സര്‍വകലാശാല വികസിപ്പിക്കുന്ന മരുന്ന് വിജയത്തിലേക്ക് അടുക്കുകയാണെന്ന് വെളിപ്പെടുത്തിയത്. മനുഷ്യരില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്നായിരുന്നു വെളിപ്പെടുത്തൽ. കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. വിവിധ രാജ്യങ്ങളിലെ രോഗികളിലാണ് മരുന്ന് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

ഇങ്ങനെ വികസിപ്പിക്കുന്ന മരുന്നിന്റെ ഉത്പാദനത്തിന് വേണ്ടിയുള്ള ശ്രമമാരംഭിച്ചിരിക്കയാണ് പൂനെയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മരുന്നുല്‍പാദനത്തിനുള്ള നടപടിക്രമവും, അനുമതിയും ആയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദനത്തിന് തയ്യാറാണെന്ന് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അദര്‍ പൂനാവല്ല പറഞ്ഞു. ഒരു പ്രമുഖ മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കമ്പനി സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് വിശദീകരിച്ചത്.

ഓക്‌സ്‌ഫേഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് മരുന്ന് ഉത്പാദിപ്പിക്കുക. മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള ശ്രമം നടത്തി കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.

' ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നിന്റെ 50 ശതമാനവും ഇന്ത്യയില്‍ തന്നെയായിരിക്കും വിതരണം ചെയ്യുക. ബാക്കി അമ്പത് ശതമാനവും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കും. ഇത് ഒരു ആഗോള പ്രതിസന്ധിയാണെന്നും ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കേണ്ടതുണ്ടെന്ന് കാര്യം മനസ്സിലാക്കണം' പൂനവല്ല പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകാൻ രണ്ട് വർഷം എടുക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് കരുതുന്നത്.

ഇപ്പോള്‍ നടക്കുന്ന പരീക്ഷണങ്ങള്‍ തീരുമാനിച്ചത് പ്രകാരം മുന്നോട്ടുപോകുകയാണെങ്കില്‍ നവംബര്‍ ഡിസംബര്‍ മാസത്തോടെ ദശലക്ഷകണക്കിന് മരുന്ന ഡോസുകള്‍ നിര്‍മ്മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും. അടുത്ത വര്‍ഷത്തെ ആദ്യ പാദത്തോടെ 30-40 കോടി മരുന്നു ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ഉത്പാദിപ്പിക്കുന്ന മരുന്ന് ആര്‍ക്കാണ് നല്‍കുകയെന്ന ചോദ്യത്തിന് അത് സര്‍ക്കാരാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഇക്കാര്യങ്ങളില്‍ ധാര്‍മ്മികമായ നിലപാടാണ് സ്വീകരിക്കുക. വൃദ്ധജനങ്ങള്‍ക്കും അതുപൊലെ, പ്രതിരോധ ശക്തി കുറഞ്ഞവര്‍ക്കുമാണ് മരുന്ന് ആദ്യം നല്‍കുക. അതുപൊലെ രോഗത്തിനെതിരെ പോരടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദ്യഘട്ടത്തില്‍തന്നെ മരുന്ന് നല്‍കും.

മരുന്നിന്റെ വില എത്രയാവുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 പരിശോധനയ്ക്ക് ഇപ്പോള്‍ 2500 രൂപ ചിലവാകുന്നുണ്ട്. മരുന്നിന്റെ വില 1000 രൂപയില്‍ താഴെ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ മരുന്ന് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇതൊരു ദേശീയ പ്രതിസന്ധിയാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് പണം നല്‍കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. 2-3 ഡോളര്‍ നിരക്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും. ഓക്‌സ്‌ഫേഡിന് പുറമെ കോവിഡിനെതിരായ 23 പ്രതിരോധ മരുന്നുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed